Monday, 26 Aug, 5.23 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
പ്രശ്‌നം പരിഹരിക്കാന്‍ മറ്റൊരു രാജ്യം ഇടപെടേണ്ട; കശ്മീര്‍ വിഷയത്തില്‍ അമേരിക്കയോട് നിലപാട് കടുപ്പിച്ച്‌ നരേന്ദ്ര മോദി; 1947മുതല്‍ പ്രശ്‌നങ്ങളുണ്ടെന്നും എല്ലാം ചര്‍ച്ച ചെയ്യുമെന്നും മോദി; ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചതോടെ കാശ്മീരിലേത് ഉഭയകക്ഷി പ്രശ്‌നം മാത്രമെന്ന് മലക്കം മറിഞ്ഞ് ഡോണാള്‍ഡ് ട്രംപ്; എല്ലാം തന്റെ നിയന്ത്രണത്തിലെന്ന് മോദി അറിയിച്ചെന്നും അമേരിക്കന്‍ പ്രസിഡന്റ്

പാരിസ്: ഇന്ത്യ-പാക് വിഷയത്തില്‍ നിലപാട് മാറ്റി അമേരിക്ക. കാശ്മീര്‍ പ്രശ്‌നം വെറും ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും അത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയും എന്നാണ് ട്രംപ് പറഞ്ഞത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ലെന്ന മുന്‍ നിലപാട് മോദി ആവര്‍ത്തിച്ചതോടെയാണ് ട്രംപ് മലക്കം മറിഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് മോദി വ്യക്തമാക്കി. ജി ഏഴ് ഉച്ചകോടിയില്‍ മോദി ട്രംപ് കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് മോദി ആവര്‍ത്തിച്ചത്.

പാരിസില്‍ ജി7 ഉച്ചകോടിക്ക് ഇടയിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ഇതോടെ തന്റെ മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് ട്രംപ്. നേരത്തെ ഈ മാസം ആദ്യം ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ ഇരു രാജ്യങ്ങളും വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടിരുന്നു എന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

ഇന്ത്യ പാക് വിഷയത്തില്‍ മധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ട്രംപ് നിരവധി തവണ ചര്‍ച്ചയ്ക്കും ഇടപെടലിനും ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇത് മോദി നിഷേധിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം മാത്രമാണ് എന്നും ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും മോദി ട്രംപിനോട് പറഞ്ഞു.ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച്‌ ശ്രമിച്ചാല്‍ മാത്രമെ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്ന് ട്രംപിന്റെ സാന്നിധ്യത്തില്‍ തന്നെ മോദി വ്യക്തമാക്കി.

1947ന് മുന്‍പ് ഇരു രാജ്യങ്ങളും ഒന്നായിരുന്നു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പാക്കിസ്ഥാനുമായി പറഞ്ഞ് തീര്‍ക്കും എന്ന് അദ്ദേഹം പറഞ്ഞു.ഇതോടെയാണ് ഇന്ത്യ പാക്കിസ്ഥാന്‍ വിഷയങ്ങള്‍ വെറും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ മാത്രമാണ് എന്ന് ട്രംപ് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടത് അനുസരിച്ചാണ് ട്രംപ് വിഷയയത്തില്‍ തന്റെ താല്‍പര്യം വ്യക്തമാക്കി രംഗത്ത് വന്നത്. ശുഭകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങ്ള്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ താന്‍ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് പല തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജി7 ഉച്ചകോടിക്ക് മുന്‍പും വ്യക്തമാക്കിയിരുന്നു.'ഇക്കാര്യം തീരുമാനിക്കേണ്ടത് മോദിയാണ് എന്നും രണ്ട് പ്രധാനമന്ത്രിമാരു നല്ല വ്യക്തികളാണെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.അവര്‍ക്ക് നല്ല രീതിയില്‍ സഹകരിച്ച്‌ മുന്നോട്ട് പോകാനാകും എന്നാണ് ഞാന്‍ കരുതുന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിന് മുന്‍പ്, കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.എന്നാല്‍ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെ കുറിച്ച്‌ ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top