Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിഷേധക്കാര്‍ക്ക് പൊലീസുകാര്‍ ഒത്താശ ചെയ്തു; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പോലീസിന് ഗുരുതരവീഴ്ച; തെളിവായി വോയിസ് ക്ലിപ്പും;  ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി ഡിജിപി; തിരുവനന്തപുരം കമ്മീഷണര്‍ക്കും ഡിസിപിക്കുമെതിരെ നടപടി ഉണ്ടായേക്കും; മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ പൊലീസില്‍ അഴിച്ചുപണിക്ക് സാധ്യത

പ്രതിഷേധക്കാര്‍ക്ക് പൊലീസുകാര്‍ ഒത്താശ ചെയ്തു; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പോലീസിന് ഗുരുതരവീഴ്ച; തെളിവായി വോയിസ് ക്ലിപ്പും; ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി ഡിജിപി; തിരുവനന്തപുരം കമ്മീഷണര്‍ക്കും ഡിസിപിക്കുമെതിരെ നടപടി ഉണ്ടായേക്കും; മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ പൊലീസില്‍ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണം കേരള പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും സംഭവത്തില്‍ അടിയന്തര വിശദീകരണം തേടിയതോടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറെ അടിയന്തരമായി വിളിച്ചുവരുത്തി. ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചയില്‍ ഇന്റലിജന്‍സ് ഐ.ജി പി. വിജയന്‍, മുന്‍ ഡിജിപിയും നിലവിലെ പൊലീസ് ഉപദേഷ്ടാവുമായ ഹേമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഡിജിപി മന്ത്രിക്ക് വിശദീകരണം നല്‍കും. പൊലീസ് സുരക്ഷാ വീഴ്ചയിലാണ് വിശദീകരണം നല്‍കുക. അക്രമം ആസൂത്രിതമെന്നാണ് ഇഡി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇന്ന് നാല് പേര്‍ കൂടി പിടിയിലായിയിരുന്നു.

ഇന്നലെയുണ്ടായത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും വിലയിരുത്തുന്നതും. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ കേന്ദ്ര സര്‍ക്കാറും ഗവര്‍ണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. അതോടൊപ്പം പൊലീസിലെ പൊളിച്ചെഴുത്തും ചര്‍ച്ചയാകും. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്നലെത്തെ സംഭവം വീഴ്ചയാണെന്നു ആഭ്യന്തര മന്ത്രിക്ക് ബോധ്യമുണ്ട്. ഇന്നലെയും ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണില്‍ ഏറെ നേരം സംസാരിച്ചിരുന്നു.

തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച്‌ ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസില്‍ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു. നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ ക്രമസമാധാന പാലനത്തിന് പൊലീസ് ഇടപെട്ടിട്ടുണ്ടെന്നും പൊലീസിന്റെ ഭാഗത്ത് ബോധപൂര്‍വ്വമായ വീഴ്ചയില്ലെന്നുമാണ് മന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയില്‍ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം പൊലീസ് തലപ്പത്ത് കമ്മീഷണര്‍, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള വന്‍ പൊളിച്ചെഴുത്തിന് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുകയാണ്.

സംഭവത്തില്‍ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരല്‍, വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേര്‍ കൂടി പിടിയിലായി. ഇ.ഡി സെര്‍ച്ച്‌ ടീമും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകളാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. യാതൊരുവിധ പ്രകോപനവുമില്ലാതെ, 'കൊല്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച്‌ കാറുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. വടി കൊണ്ടുള്ള അടിയേറ്റ് ഇ.ഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരിക്കേല്‍ക്കുകയും, കാര്‍ ഡ്രൈവറെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അക്രമികളെ തടയാന്‍ ശ്രമിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നടന്നത് യാദൃച്ഛികമായ പ്രതിഷേധമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന അക്രമമാണെന്നുമാണ് ഇ.ഡി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ബേക്കറി ജംക്ഷന് സമീപമുള്ള പിണറായി വിജയന്റെ വാടക വീടിന് പുറത്ത് ഡിസിപിയുടെ മേല്‍നോട്ടത്തില്‍ മ്യൂസിയം എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. മുന്‍ പിണറായി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണകാലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്വാധീനമുണ്ടായിരുന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു മ്യൂസിയം എസ്.എച്ച്‌.ഓ. ഇദ്ദേഹം പുറത്ത് തടിച്ചുകൂടിയ സി.പി.എം മുന്‍ കൗണ്‍സിലര്‍മാരുമായി സൗഹൃദ സംഭാഷണത്തിലായിരുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് തങ്ങള്‍ സഹായം നല്‍കിയെന്ന് ചില പൊലീസുകാര്‍ സമ്മതിക്കുന്ന ശബ്ദരേഖയും ഇന്റലിജന്‍സിന് ലഭിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുന്നതിന് മുന്‍പ് പ്രവര്‍ത്തകരെ നീക്കം ചെയ്യാനോ, വാഹനത്തിന് ചുറ്റും പൊലീസ് സംരക്ഷണ വലയം തീര്‍ക്കാനോ നിര്‍ദ്ദേശമുണ്ടായില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ സി.പി.എം കൗണ്‍സിലര്‍മാരായ ഉണ്ണിയും ബിനുവുമാണ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ മുട്ടയും ചുടുകല്ലും എറിയാന്‍ നേതൃത്വം നല്‍കിയതെന്നും അക്രമം പൂര്‍ണ്ണമായും ആസൂത്രിതമായിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. അക്രമം നടക്കുമ്പോള്‍ കമ്മീഷണറോ ഐ.ജി റാങ്കിലുള്ള മറ്റ് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായിരുന്നില്ല. പ്രതികളെ സംഭവസ്ഥലത്തു വെച്ച്‌ കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. തൊട്ടുതലേദിവസം പാളയത്ത് നടന്ന എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം നേരിടുന്നതിലും തലസ്ഥാനത്തെ പൊലീസിന് ഗുരുതര വീഴ്ച പറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കമ്മീഷണര്‍ക്കും ഡിസിപിക്കും മ്യൂസിയം എസ്.എച്ച്‌.ഓയ്ക്കുമെതിരെ വരും ദിവസങ്ങളില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali