കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാമത്തെ ടെര്‍മിനലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു.
മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും കുവൈറ്റ് സര്‍ക്കാരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസി എക്‌സിലൂടെ (X) സ്ഥിരീകരിച്ചു. ആക്രമണത്തില്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ കുറഞ്ഞത് 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ വിമാനത്താവള കെട്ടിടങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായി. ഇതേത്തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ കേടുപാടുകള്‍ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം ടെര്‍മിനല്‍ 4-ല്‍ നിന്നുള്ള സര്‍വീസുകള്‍ കുവൈറ്റ് എയര്‍വേയ്സ് പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി ഡ്രോണുകള്‍ എത്തിയതായും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കി സ്ഥിതിഗതികള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സ്റ്റാഫ് സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നതിനിടയിലാണ് ഈ സംഭവം. കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തിയപ്പോള്‍ അമേരിക്ക ഹോര്‍മുസ് കടലിടുക്കിന് സമീപം സൈനിക നടപടികള്‍ ആരംഭിച്ചു. ഏപ്രില്‍ 8 മുതല്‍ നിലവിലിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകരുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഈ അനിശ്ചിതാവസ്ഥ കാരണം ആഗോള വിപണിയില്‍ എണ്ണവില 2 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ലോകത്തെ എണ്ണ, എല്‍.എന്‍.ജി (LNG) കയറ്റുമതിയുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ തന്ത്രപ്രധാനമായ കടല്‍മാര്‍ഗ്ഗത്തിലൂടെയാണ്.
ഇറാന്റെ ആക്രമണം ചെറുത്തുവെന്ന് യുഎസ്
അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനവും വ്യോമതാവളങ്ങളും ആക്രമിച്ചെന്ന ഇറാന്റെ വാദം യുഎസ് സൈന്യം പൂര്‍ണ്ണമായി തള്ളി. കുവൈറ്റിന് നേരെ ഇറാന്‍ വിക്ഷേപിച്ച രണ്ട് മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പേ തകര്‍ന്നു വീഴുകയാണുണ്ടായത്. ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകള്‍ യുഎസിന്റെയും ബഹ്‌റൈന്റെയും സേനകള്‍ ഉടന്‍ തന്നെ വെടിവച്ചിട്ടു. ഇറാന്റെ മറ്റ് പല മിസൈലുകളും ലക്ഷ്യം കാണാതെ പരാജയപ്പെടുകയാണുണ്ടായത്. അന്താരാഷ്ട്ര കടല്‍മാര്‍ഗ്ഗത്തിലൂടെ പോവുകയായിരുന്ന സാധാരണ കപ്പലുകളെ ലക്ഷ്യമാക്കി ഇറാന്‍ വിട്ട മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇറാനില്‍ നിന്ന വന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞുവെന്ന് കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം നടത്തിയത്. തങ്ങളുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന'യുടെ അവകാശവാദം പൂര്‍ണ്ണമായും വ്യാജമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അമേരിക്കന്‍ സൈന്യത്തിന് നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചതുമുതല്‍, യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ ജനവാസ മേഖലകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടയില്‍, ഇരുരാജ്യങ്ങളും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഇത്തരം ഏറ്റുമുട്ടലുകള്‍ ഇടയ്ക്കിടെ തുടരുകയാണ്.
സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍
യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനും കഴിഞ്ഞ ആഴ്ച യുഎസും ഇറാനും തമ്മില്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായെങ്കിലും അന്തിമ കരാറായിട്ടില്ല. തങ്ങളുടെ കാര്യങ്ങളില്‍ അമേരിക്ക അനാവശ്യമായി ഇടപെട്ടാല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ സൈനിക ഉപദേശകന്‍ മൊഹ്സന്‍ റെസായ് മുന്നറിയിപ്പ് നല്‍കി. അതേസമയം, കുവൈറ്റിനും ബഹ്‌റൈനും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ യുഎഇ അപലപിച്ചു.
ഇറാന്‍ പരമോന്നത നേതാവ് സുരക്ഷിതന്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പരുക്കേറ്റ ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി ജീവനോടെയുണ്ടെന്നും ഭരണകാര്യങ്ങളില്‍ സജീവമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇറാനു മേലുള്ള ഉപരോധം നീക്കണമെങ്കില്‍ അവര്‍ ആണവ പദ്ധതികള്‍ പരിമിതപ്പെടുത്തണമെന്നും, ഹോര്‍മുസ് കടലിടുക്ക് തുറന്ന് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.
ട്രംപിന്റെ പ്രതികരണം
അമേരിക്കന്‍ ടാങ്കര്‍ ആക്രമിച്ചതിന് പകരമായി തങ്ങള്‍ ഒരു കപ്പലിന് നേരെ മിസൈല്‍ വിക്ഷേപിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളില്‍ മൊജ്തബ ഖമേനി പങ്കെടുക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ലെബനനിലെ യുദ്ധം അവസാനിപ്പിക്കാനും ഉപരോധങ്ങള്‍ മാറ്റാനുമാണ് ഇറാന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഈ യുദ്ധം ഇറാനിലും ലെബനനിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ തകരാന്‍ കാരണമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലും തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. വടക്കന്‍ ഇസ്രയേലിലേക്ക് കടന്നുകയറിയ ശത്രുവിന്റെ വിമാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി.

