ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ ജയിലിലെ ദാരുണമായ സാഹചര്യങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കവേ വികാരാധീനനായി പൊട്ടിക്കരഞ്ഞ് മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്.
ഇമ്രാനെ എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാറേറ്റീവ് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാകിസ്ഥാന്റെ ഇതിഹാസ താരം ഇമ്രാൻ ഖാന് വേണ്ടി ശബ്ദമുയർത്തിയത്. ഇമ്രാൻ ഖാൻ ഒരിക്കലും അഴിമതി കാണിക്കില്ലെന്നും തികച്ചും സത്യസന്ധനായ വ്യക്തിയാണെന്നും മിയാൻദാദ് അഭിമുഖത്തില്‍ തുറന്നടിച്ചു.
വിവിധ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ് 73-കാരനായ ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ ആരോഗ്യനില വശളായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ക്രിക്കറ്റ് ലോകത്തെ സഹതാരത്തിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.
"അദ്ദേഹം തികച്ചും സത്യസന്ധനായ ഒരു മനുഷ്യനാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ആളല്ല അദ്ദേഹം, അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹത്തിന് വേറെ പല വഴികളും നോക്കാമായിരുന്നു," വിതുമ്പിക്കൊണ്ട് മിയാൻദാദ് പറഞ്ഞു. ജയിലില്‍ അദ്ദേഹം നേരിടുന്ന പ്രയാസങ്ങള്‍ ഓർക്കുമ്പോള്‍ സഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അദ്ദേഹത്തെ പുറത്തുവിട്ടാല്‍ ഇപ്പോള്‍ എന്ത് സംഭവിക്കാനാണ്? അദ്ദേഹം ആരെയെങ്കിലും തിന്നുമോ അതോ ഉപദ്രവിക്കുമോ? അദ്ദേഹവും ആരുടെയെങ്കിലും മകനല്ലേ, ജയിലില്‍ ആ അടച്ചിട്ട മുറിയില്‍ അദ്ദേഹം ഇപ്പോള്‍ എന്തുചെയ്യുന്നുണ്ടാകും എന്നാണ് ഞാൻ എപ്പോഴും ആലോചിക്കുന്നത്," മിയാൻദാദ് വികാരഭരിതനായി ചോദിച്ചു.
താനും ഇമ്രാനും തമ്മില്‍ വ്യക്തിപരമായ യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്ന് മിയാൻദാദ് വ്യക്തമാക്കി. കളിക്കളത്തിലും പുറത്തും ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ തങ്ങളുടെ ലക്ഷ്യം ഒന്നായിരുന്നുവെന്ന് 1992-ലെ ലോകകപ്പ് ഓർമ്മകള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിനിടെ, ദിവസവും 23 മണിക്കൂറിലധികം പിതാവിനെ സെല്ലില്‍ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണെന്നും ഇമ്രാൻ ഖാന്റെ മക്കളായ കാസിമും സുലൈമാനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലോർഡ്സ് ടെസ്റ്റിനിടെ സ്കൈ സ്പോർട്സിന് നല്‍കിയ ഈ അഭിമുഖത്തിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

