Dailyhunt
രാഹുല്‍ ഗാന്ധിയുടെ പിഎ ആണെന്ന് പറഞ്ഞുവിളിച്ചു;  രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിച്ച്‌ വിശ്വാസ്യത പിടിച്ചുപറ്റി; വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞത് വൈകി; തിരഞ്ഞെടുപ്പ് സീറ്റ് മോഹിച്ച്‌ യുവതി നല്‍കിയത് ലക്ഷങ്ങള്‍; ആ ഞെട്ടിക്കുന്ന തട്ടിപ്പ് കഥ ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ പിഎ ആണെന്ന് പറഞ്ഞുവിളിച്ചു; രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിച്ച്‌ വിശ്വാസ്യത പിടിച്ചുപറ്റി; വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞത് വൈകി; തിരഞ്ഞെടുപ്പ് സീറ്റ് മോഹിച്ച്‌ യുവതി നല്‍കിയത് ലക്ഷങ്ങള്‍; ആ ഞെട്ടിക്കുന്ന തട്ടിപ്പ് കഥ ഇങ്ങനെ

ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച്‌ യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഡെറാഡൂണ്‍ സ്വദേശിനി ഭാവന പാണ്ഡെയെ കബളിപ്പിച്ചത്. സംഭവത്തില്‍ രാജ്‌പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25 ലക്ഷം രൂപയാണ് ഭാവനയില്‍ നിന്നും പ്രതികള്‍ തട്ടിയത്.

കനിഷ്ക എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ഭാവനയെ ഫോണില്‍ ബന്ധപ്പെട്ടത്. താൻ രാഹുല്‍ ഗാന്ധിയുടെ പി.എ ആണെന്ന് ഇയാള്‍ അവകാശപ്പെട്ടു. വിശ്വാസ്യത ഉറപ്പിക്കാനായി മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എം.എല്‍.എ യശ്പാല്‍ ആര്യ, മുൻ മന്ത്രി ഹരക് സിംഗ് റാവത്ത്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാല്‍ എന്നിവരുടേതിന് സമാനമായ ശബ്ദരേഖകള്‍ ഇയാള്‍ ഭാവനയെ കേള്‍പ്പിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്.

കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും ഡെറാഡൂണിലെ ഒരു ഹോട്ടലില്‍ തങ്ങുന്നുണ്ടെന്നും മണ്ഡലങ്ങളില്‍ സർവേ നടത്തുന്നതിനായി ഫണ്ട് ആവശ്യമുണ്ടെന്നും ഇയാള്‍ ഭാവനയെ വിശ്വസിപ്പിച്ചു. നല്‍കുന്ന തുക പിന്നീട് തിരികെ നല്‍കാമെന്നും ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച ഭാവന ഏപ്രില്‍ 13-ന് ആദ്യ ഗഡുവായി 9.5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. പിന്നീട് അഞ്ചു ലക്ഷം രൂപ നേരിട്ടും ബാക്കി തുക വിവിധ ഗഡുക്കളായും നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എ എന്ന് വ്യാജമായി പരിചയപ്പെടുത്തിയ മറ്റൊരാള്‍ക്കാണ് ഭാവന പണം കൈമാറിയത്.

ആകെ 25 ലക്ഷം രൂപ നഷ്ടമായതോടെ പണം തിരികെ ചോദിച്ച ഭാവനയെ പ്രതികള്‍ പല അവധികള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഇവരുമായുള്ള ബന്ധം പൂർണ്ണമായും നിലച്ചതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഭാവന തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali