ഡല്‍ഹി: ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച സാഹചര്യത്തില്‍ മിച്ചല്‍ സ്റ്റാർക്കിന്റെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാധിച്ചിട്ടില്ലെന്ന് ബോളിങ് പരിശീലകൻ മുനാഫ് പട്ടേല്‍.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലുള്ള താരം ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുജറാത്ത് ടൈറ്റൻസുമായുള്ള പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തില്‍ മുനാഫ് വ്യക്തമാക്കി.
"നിലവില്‍ ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചു കഴിഞ്ഞു. വിജയങ്ങള്‍ കൂടെയുള്ളപ്പോള്‍ സ്റ്റാർക്കിന്റെ കുറവ് ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ പ്രകടനം മോശമായാല്‍ തീർച്ചയായും അദ്ദേഹത്തിന്റെ അഭാവം ചർച്ച ചെയ്യപ്പെടും. ഐപിഎല്ലില്‍ സ്റ്റാർക്കിനേക്കാള്‍ മികച്ച മറ്റൊരു ബൗളർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താരതമ്യം ചെയ്യാൻ ജസ്പ്രീത് ബുംറ മാത്രമേയുള്ളൂ. 140 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയാനും പുതിയ പന്ത് സ്വിങ് ചെയ്യിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്."
സ്റ്റാർക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഫിസിയോയോ ഡോക്ടറോ നല്‍കുന്ന വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് മുനാഫ് അറിയിച്ചു. വരാനിരിക്കുന്ന വർഷത്തില്‍ ഓസ്ട്രേലിയക്ക് 21 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അതിനാല്‍ സ്റ്റാർക്കിന്റെ ജോലിഭാരം ക്രമീകരിക്കുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഇതാണ് താരത്തിന്റെ ലഭ്യതയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
2025ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് സ്റ്റാർക്ക് പുറത്തെടുത്തത്. 11 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. രാജസ്ഥാൻ റോയല്‍സിനെതിരായ നിർണ്ണായകമായ സൂപ്പർ ഓവർ വിജയത്തില്‍ സ്റ്റാർക്കിന്റെ സ്പെല്‍ നിർണ്ണായകമായിരുന്നു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 52 മത്സരങ്ങളില്‍ നിന്നായി 65 വിക്കറ്റുകള്‍ ഈ ഇടംകൈയ്യൻ പേസർ സ്വന്തമാക്കിയിട്ടുണ്ട്.

