Sunday, 26 Sep, 12.02 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
രാത്രി ടാര്‍പായ കുത്തിക്കീറി മദ്യക്കുപ്പികള്‍ പെട്ടിയോടെ അടിച്ചുമാറ്റും; ബവ്‌റിജസ് വെയര്‍ ഹൗസിന് ചുറ്റും കൊള്ള സംഘങ്ങള്‍; ഡ്രൈവര്‍മാരും ലോറി ഉടമകളും നഷ്ടപരിഹാരം കൊടുക്കേണ്ടതും സ്വന്തം പോക്കറ്റില്‍ നിന്ന്

തിരുവനന്തപുരം: കേരളത്തിലെ ബിവറേജ് കോര്‍പ്പറേഷന്റെ കീഴിലുള്ള മദ്യസംഭരണ കേന്ദ്രങ്ങളായ വെയര്‍ ഹൗസുകളില്‍ മദ്യവുമായി എത്തുന്ന ലോറികളില്‍ നിന്നും കുപ്പികള്‍ മോഷണം പോകുന്നത് പതിവായതോടെ ഡ്രൈവര്‍മാര്‍ ദുരിതത്തില്‍. ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും, കൂടാതെ കേരളത്തില്‍ പ്രാദേശികമായി പല സ്ഥലങ്ങളിലുമുള്ള ഡിസ്റ്റലറികളില്‍ നിന്നുമാണ് എല്ലാ ജില്ലകളിലേക്കുമുള്ള വെയര്‍ ഹൗസുകളില്‍ മദ്യം എത്തിക്കുന്നത്.

ജീവനും, സ്വത്തും പണയം വച്ചാണ് ഡ്രൈവര്‍മാര്‍ വെയര്‍ഹൗസിലേയ്ക്കുള്ള മദ്യം ഹൈവേ കൊള്ളക്കാര്‍ക്കിടയിലൂടെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നത്. എന്നാല്‍ വെയര്‍ ഹൗസില്‍ എത്തിയാല്‍ പോലും അവര്‍ സുരക്ഷിതരല്ല. മദ്യവുമായി ഇവിടെ എത്തുന്ന വാഹനം സുരക്ഷിതരായി പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍, വഴിയോരത്തും മറ്റും നിര്‍ത്തിയിടേണ്ട അവസ്ഥയാണ് ഉള്ളത്. ഈ വാഹനങ്ങളുടെ ടാര്‍പായ കുത്തിക്കീറി മദ്യക്കുപ്പികള്‍ പെട്ടിയോടെ മോഷ്ടിക്കുന്ന സംഘം എല്ലാ ബിവറേജ് വെയര്‍ ഹൗസിന് ചുറ്റുവട്ടത്തിലും ഉണ്ട്.

ഇത്തരത്തില്‍ മദ്യവുമായി വരുന്ന വാഹനങ്ങളില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍, മദ്യം വാഹനത്തില്‍ നിന്ന് ഇറക്കുമ്ബോള്‍ കുറവ് വരുന്ന മദ്യത്തിന്റെ തുക വാഹനത്തിന്റെ വാടകയില്‍ നിന്നും ഈടാക്കാറാണ് പതിവ്, പക്ഷേ ഈ തുക നഷ്ടപ്പെടുന്നത് മദ്യവുമായി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കയ്യില്‍ നിന്നുമാണ്. വാഹനമുടമകളോ ട്രാന്‍സ്പോര്‍ട്ടറോ ഗവണ്‍മെന്റോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകില്ല.

മുഴുവന്‍ റിസ്‌കും വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മാത്രമാണ്. വാഹനത്തിലുള്ള മദ്യം പൂര്‍ണ്ണമായി മോഷ്ടിക്കപ്പെടുകയോ, നശിക്കുകയോ ചെയ്താല്‍ മാത്രമെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാകുകയുള്ളു. മാത്രമല്ല വാഹനത്തിലെ മദ്യം മോഷ്ടിക്കുന്നതിന് മോഷ്ടാക്കള്‍ വാഹനത്തിലെ പതിനായിരങ്ങള്‍ വില വരുന്ന ടാര്‍പായ് കുത്തിക്കീറിയാണ് മദ്യം എടുക്കുന്നത്, തല്‍ഫലമായി ടാര്‍പായ ഉപയോഗശൂന്യമാവുകയും ഭീമമായ സാമ്ബത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.

വെയര്‍ഹൗസുകളില്‍ മദ്യവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങളുള്ള പാര്‍ക്കിങ് സൗകര്യം ഒരുക്കി കൊടുക്കേണ്ട ഗവണ്‍മെന്റ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വാഹനത്തിലെ മദ്യം ഇറക്കുന്നതിന് മിക്കപ്പോഴും ആഴ്ചകളോളം കാത്തിരിക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ സ്വജീവന്‍ പോലും പണയപ്പെടുത്തി വാഹനം നിര്‍ത്തിയിടുന്നത് മറ്റ് യാതൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

മദ്യവുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് അലക്കുവാനോ, കുളിക്കുവാനോ, മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കായോ ഉള്ള ഒരു അടിസ്ഥാന സൗകര്യം പോലും ഒരു വെയര്‍ ഹൗസുകളിലും നിലവിലില്ല. മദ്യം വാങ്ങാന്‍ വരുന്ന ഉപഭോക്താക്കളോട് കാണിക്കുന്ന അവജ്ഞയെക്കാള്‍ കൂടുതലാണ് ഈ ഡ്രൈവര്‍മാരോട് കാണിക്കുന്ന ക്രൂരത . സര്‍ക്കാരിന് ഏറ്റവും വരുമാനമുണ്ടാക്കുന്ന മാര്‍ഗമാണ് മദ്യവില്‍പ്പന എന്നിട്ടും ഇത് വാഹനത്തില്‍ കൊണ്ടു വരുന്നവര്‍ക്കും വാങ്ങി കൊണ്ടു പോകുന്നവര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top