Monday, 30 Mar, 6.48 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
രാത്രിയില്‍ ബൈക്ക് എടുത്ത് പുറത്ത് പോകാന്‍ അനുവദിച്ചില്ല; വീട്ടുകാരോട് പ്രതികാരം തീര്‍ക്കാന്‍ മുറി അടച്ച്‌ ആത്മഹത്യ ചെയ്ത് 23കാരന്‍; തിരുവനന്തപുരത്തെ തിരുവല്ലത്തെ കരയിച്ച്‌ അഭിജിത്തിന്റെ 'ലോക് ഡൗണ്‍' ആത്മഹത്യ; അടിപൊളി ഇന്നോവക്കാര്‍ പുതുക്കാട് പൊലീസിന് കോവിഡ് പ്രതിരോധത്തിന് കൈമാറി പുല്ലോക്കാരന്‍ ദേവസിയുടെ മറ്റൊരു മാതൃക; ഇന്ധന ചെലവ് വഹിക്കുന്നതിനൊപ്പം ഡ്രൈവറായി പൊലീസിന് സഹായമൊരുക്കി ഫര്‍ണിച്ചര്‍ കട ഉടമ; ലോക് ഡൗണില്‍ എട്ടാം ദിനത്തിലേക്ക് കേരളം

തിരുവനന്തപുരം: കൊറോണയിലെ ലോക്ഡൗണില്‍ മദ്യം കിട്ടാത്തതു കൊണ്ട് ആത്മഹത്യ ചെയ്തവരുണ്ട്. ഇപ്പോഴിതാ പുറത്തിറങ്ങാന്‍ പറ്റാത്തതിലും ആത്മഹത്യ. നിയന്ത്രണങ്ങളുടെ പേരില്‍ ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കിയത് തിരുവനന്തപുരത്താണ്. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്ബതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതിനൊപ്പം വാഹനം പൊലീസിന് വിട്ടു കൊടുത്ത ദേവസിയും ലോക് ഡൗണ്‍ കാലത്ത് ചര്‍ച്ചയാവുകയാണ്.

അഭിജിത്തിന്റെ ആത്മഹത്യ നിരാശയില്‍ നിന്നായിരുന്നു. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ലോക് ഡൗണിനെത്തുടര്‍ന്ന് അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് കേസെടുത്തു.

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചു ചായക്കട നടത്തിയ ആള്‍ ഉള്‍പ്പെടെ 6 പേര്‍ മണ്ണാര്‍ക്കാട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ വിലക്ക് ലംഘിച്ചു റോഡിലിറങ്ങിയ 2 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. കാഞ്ഞിരപ്പുഴ കാഞ്ഞിരത്തു ചായക്കട നടത്തിയ പൊറ്റശ്ശേരി വെട്ടിക്കാട്ടില്‍ വിജയന്‍ (60)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ അറുപതോളം പേര്‍ ചായ കുടിക്കാന്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണു പൊലീസ് നടപടി.

മീന്‍ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സഹോദരങ്ങളായ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് പരിസരത്തെ തവളപ്പാറ സക്കീര്‍ (24), സല്‍മാന്‍ എന്നിവരെയും ഇരു ചക്ര വാഹനത്തിലെത്തിയ വാളിയാടി അബ്ദുല്‍ ഹക്കീം (45), കുമരംപുത്തൂര്‍ ചോലക്കല്‍ റിഷാദ് (27) എന്നിവരെയും അറസ്റ്റ് ചെയ്തു വിട്ടു. ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ദേവസിയുടെ മാതൃക

പുതുക്കാട് പൊലീസിന് സ്വന്തം വാഹനം വിട്ടുനല്‍കി പുല്ലോക്കാരന്‍ ദേവസി ലോക് ഡൗണ്‍ കാലത്തെ പുതുമാതൃകയായി. വാഹനം മാത്രമല്ല ഡ്രൈവറായി തന്റെ സേവനവും നല്‍കാന്‍ ദേവസി ഒരുക്കമാണ്. ഒപ്പം ഇന്ധനച്ചെലവും ഇദ്ദേഹം നല്‍കും.

ലോക്ക് ഡൗണ്‍ സമയത്ത് നിയമം കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് വാഹനത്തിന്റെ കുറവ് നേരിടുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ദേവസി പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. പരിചയക്കാരായ പുതുക്കാട് എസ്.എച്ച്‌.ഒ. എസ്‌പി. സുധീരനോടും അഡീഷണല്‍ എസ്‌ഐ. കെ.എന്‍. സുരേഷിനോടും വിവരം പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. പുല്ലോക്കാരന്‍ ഫര്‍ണിച്ചര്‍ ഉടമയാണ് ദേവസി. താന്‍ സ്ഥിരമായി യാത്രചെയ്യുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് ദേവസി പൊലീസിന് ലോക്ക്ഡൗണ്‍ തീരുംവരെ വിട്ടുനല്‍കിയത്. പൊലീസിനും ദേവസിയുടെ സേവനം വലിയ ആശ്വാസമായി.

ഡീ അഡിക്ഷന്‍ സെന്ററുകളും സജീവം

ലോക് ഡൗണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാത്തത് മൂലം സംസ്ഥാനത്ത് ചിലര്‍ ആത്മഹത്യ ചെയ്തിരുന്നു . കൊല്ലത്ത് കുണ്ടറയിലും മയ്യനാടുമാണ് രണ്ട് പേര്‍ മരിച്ചതോടെ ലോക്ഡൗണിലെ മദ്യാസക്തിയെ തുടര്‍ന്നുള്ള മരണം നാലായി. അതേ സമയം മദ്യം കിട്ടാത്തതിനെ തുടര്‍ന്നു ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എക്‌സൈസ് സംഘം രംഗത്തിറങ്ങി. ഡീ അഡിക്ഷന്‍ സെന്ററുകളും ഇതോടെ സജീവമായി.

കൊല്ലത്ത് കാന്‍സര്‍ രോഗിയായ സുരേഷും മയ്യനാട് മുന്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായ ബിജു വിശ്വനാഥുമാണ് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം തൃശൂരും കാക്കനാടുമായി രണ്ടു പേര്‍ ആത്മഹത്യ ചെയ്തിരുന്നു . മദ്യം ലഭിക്കാത്തതിന്റെ പേരില്‍ പത്തനംതിട്ട ഇരവിപേരൂര്‍ യുവാവ് വീട് തല്ലിത്തകര്‍ത്തു യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി റാന്നിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി .

കോഴിക്കോട് മാങ്കാവ് കല്പകതിയറ്ററിനടുത്ത് കുട്ടി മരിച്ചുവെന്ന് പറഞ്ഞ് മണ്ണ് മാന്തി പരിഭ്രാന്തി സൃഷ്ടിച്ച യുവാവും മദ്യത്തിനടിയാണെന്ന് മനസിലായി .ഇയാളെ പൊലീസെത്തി വീട്ടിലെത്തിച്ചു . മദ്യം കിട്ടാതെ ശാരീരിക മാനസിക പ്രശ്‌നമുള്ളവരുടെ എണ്ണം കൂടിയതോടെ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍സമിതി രൂപീകരിച്ചു. മദ്യാസക്തിയില്‍ പ്രശ്‌നങ്ങളുള്ളവരുടെ വിവരങ്ങള്‍ വിമുക്തി ടോള്‍ഫ്രീ നമ്ബരായ 14405 ല്‍ വിളിച്ചറിയിച്ചാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി അവരുടെ വാഹനത്തില്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കും.

ഭക്ഷണം നിഷേധിച്ചതായി പരാതി

പാലക്കാട് കൊടുവായൂര്‍ പഞ്ചായത്ത് പരിധിയില്‍ വെട്ടുമ്ബുള്ളിയില്‍ താമസിക്കുന്ന പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നു ഭക്ഷണം നിഷേധിച്ചതായി പരാതി. ഇവര്‍ക്കു ഭക്ഷണം നല്‍കാന്‍ പഞ്ചായത്ത് അനുവദിച്ചില്ലെന്നു ബിജെപി നെന്മാറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ആരോപിച്ചു.

എന്നാല്‍ ഇവരുടെ ഭക്ഷണക്കാര്യം വൈകിയാണ് അറിയിച്ചതെന്നും തെരുവില്‍ അലയുന്നവരും വീട്ടില്‍ ഭക്ഷണത്തിനു മാര്‍ഗമില്ലാതെ കഴിയുന്നവരുമായവര്‍ക്കും വളരെ പാവങ്ങളായവര്‍ക്കും വേണ്ടിയാണു ഭക്ഷണം തയാറാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് പ്രതികരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top