Tuesday, 17 Apr, 1.40 pm

ലേറ്റസ്റ്റ് ന്യൂസ്‌
റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ മൂന്നാം പ്രതി അപ്പുണ്ണി പൊലീസ് പിടിയില്‍; കൃത്യത്തിന് ശേഷം പ്രതി ഒളിവില്‍ കഴിഞ്ഞത് ചെന്നൈയിലെ സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍; കായംകുളത്ത് നിന്നും പ്രതി പിടിയിലായത് ചിക്കന്‍ പോക്സ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയപ്പോള്‍

മറുനാടന്‍ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന്‍ അപ്പുണ്ണി എന്ന അപ്പുണ്ണി പൊലീസ് കസ്റ്റഡിയിലായി. കേസിലെ മൂന്നാം പ്രതിയാണ് അപ്പുണ്ണി. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സത്താര്‍ എന്നയാളെയാണ് ഇനി കേസില്‍ പിടികൂടാനുള്ളത്. ഖത്തറിലുള്ള ഇയാളെ നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് തുടരുകയാണ്. സത്താറിന്റെ മുന്‍ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് അപ്പുണ്ണി. കായംകുളത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ ചിക്കന്‍ പോക്സ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടാനെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലാകുന്നതെന്നാണ് സൂചന. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ അപ്പുണ്ണി രാജേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവില്‍ തുടരുകയായിരുന്നു.

കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറില്‍ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങള്‍ നല്‍കിയതും അപ്പുണ്ണിയാണ്.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി വാട്‌സ്് ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. കൊലയാളികള്‍ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസിലെ പ്രതികളില്‍ മിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫിനെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

Dailyhunt
Top