പത്തനംതിട്ട: റോഡില്‍നിന്ന് ഉയരത്തിലുള്ള വീട്ടിലേക്ക് എത്തുന്നതിനായി സ്ഥാപിച്ച സ്വകാര്യ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം.
കടമ്മനിട്ട കല്ലേലിമുക്ക് അടയ്ക്ക മാവുങ്കല്‍ മാത്തുക്കുട്ടിയാണു (ജോയിക്കുട്ടി - 75) മരിച്ചത്. വൈദ്യുതി തടസ്സപ്പെട്ട് ലിഫ്റ്റ് നിലച്ചപ്പോള്‍ പുറത്തേക്ക് തലയിട്ടു നോക്കുന്നതിനിടെ പെട്ടെന്ന് ലിഫ്റ്റ് വീണ്ടും പ്രവര്‍ത്തിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ശാരീരിക പരിമിതികളുള്ള മാത്തുക്കുട്ടിക്കും ഭാര്യക്കും കയറിയിറങ്ങാനായി റോഡ് നിരപ്പിലുള്ള കാര്‍ പോര്‍ച്ചില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് രണ്ട് വര്‍ഷം മുന്‍പാണ് ലിഫ്റ്റ് നിര്‍മ്മിച്ചത്.
വീട്ടുമുറ്റത്തെ ലിഫ്റ്റില്‍നിന്ന് ശബ്ദം കേട്ടെത്തിയ ഭാര്യ അന്നമ്മ മാത്യു കണ്ടത് ലിഫ്റ്റിലെ ഇരുമ്പു പൈപ്പില്‍ തല കുടുങ്ങിയ നിലയിലുള്ള മാത്തുക്കുട്ടിയെയാണ്. അന്നമ്മയും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുമ്പ് ഫ്രെയിമുകള്‍ക്കിടയില്‍ കുടുങ്ങിയ അദ്ദേഹത്തെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി ഇരുമ്പ് പൈപ്പുകള്‍ വെട്ടിപ്പൊളിച്ചാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ 20 മിനിറ്റോളം കടുത്ത വേദന തിന്നേണ്ടിവന്ന അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.
കെ.എസ്.ആര്‍.ടി.സി. മുന്‍ കണ്ടക്ടറായ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കളായ ജോമോന്‍ മാത്യുവും ജിസോ ജെ. മാത്യുവും വിദേശത്താണ്. പ്രായമേറിയതോടെ പടികള്‍ കയറാനുള്ള ബുദ്ധിമുട്ടും മാത്തുക്കുട്ടിയുടെ ശാരീരിക പരിമിതികളും കണക്കിലെടുത്താണ് മക്കള്‍ മുന്‍കൈയെടുത്ത് രണ്ട് വര്‍ഷം മുന്‍പ് ലിഫ്റ്റ് സജ്ജമാക്കിയത്.
മോട്ടോറും റോപ്പും ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ ലിഫ്റ്റിന്റെ വശങ്ങള്‍ ടിന്‍ ഷീറ്റും പ്ലാസ്റ്റിക്കും കൊണ്ടാണ് മറച്ചിരുന്നത്. വീട്ടിലേക്കുള്ള സാധനങ്ങള്‍ എത്തിച്ചിരുന്നതും ഇതുവഴിയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറന്മുള പോലീസ് സ്ഥലത്തെത്തി തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട് നടക്കും.

