തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്തിറങ്ങുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളും പ്രളയ സമാനമായ സാഹചര്യവും നിലനില്‍ക്കെ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവിശ്രമം പെയ്യുന്ന ശക്തമായ മഴയില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി നേരിട്ട് ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രി ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ദേശീയ ദുരന്തപ്രതികരണ സേനയും സംസ്ഥാന പോലീസ് സേനയും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
മഴ കനത്തതോടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഭീകരമായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് വീട്ടമ്മ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന യുവാവിന് ദാരുണാന്ത്യ സംഭവിച്ചു. ഇവിടെ കാണാതായ അമ്മയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് 72 വയസ്സുള്ള വയോധികനും ജീവന്‍ നഷ്ടമായി.
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പ്രളയ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. മേഖലയിലെ പ്രധാന റോഡുകളെല്ലാം പൂര്‍ണ്ണമായി വെള്ളത്തിനടിയിലാണ്. പമ്പാ നദിയില്‍ അതിവേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് റാന്നി ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു. പത്തനംതിട്ട തൂമ്പാക്കുളത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ്വേ പൂര്‍ണ്ണമായും മുങ്ങിയതോടെ നാല്പതോളം കുടുംബങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
സംസ്ഥാനത്തുടനീളം റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നദീതീരങ്ങളിലും അപകടസാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്നവര്‍ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും മുന്നറിയിപ്പ് നല്‍കി.

