Wednesday, 25 Nov, 8.07 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ശബ്ദ സന്ദേശം റിക്കോര്‍ഡ് ചെയ്തത് വാഹനത്തിനുള്ളില്‍; മൂളല്‍ സ്ത്രീയുടേതും; അറസ്റ്റിലായ ശേഷമുള്ള സ്വപ്‌നാ സുരേഷിന്റെ വാഹന യാത്രയെല്ലാം പരിശോധിക്കും; ശബ്ദത്തിലെ വ്യക്തതയ്ക്ക് ശാസ്ത്രീയ പരിശോധന നടത്താന്‍ എന്‍ഐഎ; മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാന്‍ നീക്കം; ശബ്ദ ചോര്‍ച്ചയിലെ കള്ളന്‍ കപ്പലിലോ?

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ശബ്ദ ചോര്‍ച്ചയ്ക്ക് പിന്നില്‍ കേന്ദ്ര ഏജന്‍സിലെ പ്രമുഖനോ? ജയിലില്‍ വച്ചല്ല ഈ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്ന് കേന്ദ്ര ഏജന്‍സികളും തയ്യാറെടുക്കുകയാണ്. അതിനിടെയാണ് സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ കേള്‍ക്കുന്ന മൂളല്‍ ആരുടേതെന്ന് വ്യക്തമാക്കാനുള്ള അന്വേഷണം. ശബ്ദം പുരുഷന്റേതോ സ്ത്രീയുടേതോ എന്നതില്‍ അവ്യക്തതകളുണ്ട്. ഇത് മാറ്റാനാണ് നീക്കം.

ഇതില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ശബ്ദസന്ദേശം പുറത്തുവന്ന ഘട്ടത്തില്‍ അതൊരു പുരുഷന്റെ മൂളലാണെന്നു സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ ഡിഐജിക്കു സ്വപ്ന നല്‍കിയ മൊഴികളിലെ സൂചന മറ്റൊരു തരത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുന്നത്. കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥനെയാണ് സംശയം. നേരത്തെ ജയിലിനുള്ളിലെ ഗൂഢാലോചനയെന്നായിരുന്നു നിഗമനം. ഇതാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് പോലും തിരുത്തേണ്ടി വരുന്നത്.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കും. കേന്ദ്ര ഏജന്‍സിക്കെതിരെ നല്‍കിയ മൊഴികളില്‍ സ്വപ്ന ഉറച്ചു നിന്നാല്‍ ശബ്ദസന്ദേശത്തിലെ മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശമെന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. അതീവ രഹസ്യമായാണ് അന്വേഷണം നീങ്ങുന്നത്. ചില സംശങ്ങള്‍ ക്രെംബ്രാഞ്ചിനുണ്ട്. ക്രൈംബ്രാഞ്ചിനു പുറമേ കേന്ദ്ര ഏജന്‍സികളും സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കും. ഇതും നിര്‍ണ്ണായകമായി മാറും.

വാഹനത്തിനുള്ളില്‍ വച്ചാണു ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്തതെന്നു സംശയമുണ്ട്. അറസ്റ്റിലായതിനു ശേഷം കോടതിയിലേക്കും തെളിവെടുപ്പിനായും വൈദ്യപരിശോധനയ്ക്കും വനിതാ പൊലീസിന്റെ അകമ്ബടിയോടെ പൊലീസ് വാഹനത്തിലാണു സ്വപ്നയെ കൊണ്ടുപോയിട്ടുള്ളത്. ശബ്ദം സ്വപ്നയുടേതാണെന്നു സ്ഥിരീകരിച്ചാല്‍ ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ എന്‍.ഐ.എ കോടതിയുടെ അനുമതി കിട്ടി കഴിഞ്ഞു.

ശബ്ദരേഖാ ചോര്‍ച്ചയില്‍ അന്വേഷണം നടത്തണമെന്ന് ജയില്‍ മേധാവി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശബ്ദരേഖയില്‍ മൊഴി മാറ്റാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സമെന്റും ആവശ്യപ്പെട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സൈബര്‍ വിദഗ്ദ്ധര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

സ്വര്‍ണ്ണ കടത്ത് അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ആശങ്കയില്‍ ചിലരുടെ വക്രബുദ്ധിയാണു സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നിലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ പ്രാഥമിക നിഗമനം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനു തൊട്ടുപിന്നാലേയാണ് അതേ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദരേഖ പുറത്തെത്തുന്നത്. ഇതും ഗൂഢാലോചനയാണെന്ന് ഇഡിയും കണക്കു കൂട്ടുന്നത്.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞെന്നാണ് സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖയിലുള്ളത്. സമൂഹത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇഡി സംശയിക്കുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 16നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകള്‍ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായും ശിവശങ്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദം പുറത്തു വന്നത്.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പറയാന്‍ അന്വേഷണ ഏജന്‍സി പ്രേരിപ്പിക്കുന്നതായി പറയുന്നത്. ജയിലില്‍നിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ജയിലില്‍നിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു. ശബ്ദം ആരു റെക്കോര്‍ഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നത് ചര്‍ച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് പ്രതിപക്ഷ ആരോപണങ്ങള്‍.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരെ ചോദ്യം ചെയ്യാനിരിക്കേ ശബ്ദസന്ദേശം പുറത്തുവന്നത് ആസൂത്രിതമാണെന്ന ചിന്തയും ഇഡിക്കുണ്ട്. മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഉടന്‍ ചോദ്യം ചെയ്യും. രണ്ട് ഉദ്യോഗസ്ഥര്‍ കൂടി ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സ്വപ്നയുടെ ഓഡിയോ പുറത്തു വന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top