കൊച്ചി: കഴിഞ്ഞ പത്തുവർഷം സിനിമാ മേഖലയ്ക്ക് സർക്കാർ സമ്മാനിച്ചത് ദുരന്തമാണെന്ന ഫിലിം ചേംബർ പ്രസിഡന്റ് അനില്‍ തോമസിന്റെ നിലപാടിനെ തള്ളി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.
ഉണ്ണികൃഷ്ണൻ. അനില്‍ തോമസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത്തരം നിലപാടുകളോട് ഫെഫ്കയ്ക്ക് തരിമ്പും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ ഇറക്കിവിടണമെന്നോ തുടരണമെന്നോ പറയുന്ന സംഘടനയല്ല ഫെഫ്കയെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങള്‍ക്ക് സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. ഫിലിം ചേംബറിന് പോലും അനില്‍ തോമസിന്റെ അത്രയും കടുത്ത നിലപാടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
'ഫെഫ്ക രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുനിലപാടെടുക്കുന്ന സംഘടനയല്ല, ഇതൊരു തൊഴിലാളി യൂണിയനാണ്. ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ ദുരന്തം മാത്രമാണ് സർക്കാർ നല്‍കിയതെന്ന പരാതി ഞങ്ങള്‍ക്കില്ല. സർക്കാരിന്റെ പല നല്ല നീക്കങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പം നിന്നിട്ടുണ്ട്. എന്നാല്‍ കാതലായ തൊഴിലാളി വിഷയങ്ങളില്‍ സർക്കാർ കാര്യമായി ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയാനുമാകില്ല. സർക്കാരിന്റേത് തികച്ചും നിഷ്പക്ഷമായ സമീപനമാണ്'- ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
കേരളത്തില്‍ നികുതിക്കൊള്ളയാണ് നടക്കുന്നതെന്നും സിനിമാ മന്ത്രി നിസഹായനാണെന്നും ആരോപിച്ച് അനില്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് വിവാദങ്ങള്‍ക്ക് ആധാരം. ബാറുകള്‍ക്ക് പ്രവർത്തന സമയം നീട്ടി നല്‍കാൻ കാണിച്ച വേഗത ഇരട്ട നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ സർക്കാർ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് സിനിമയുടെ ആവശ്യങ്ങള്‍ കേള്‍ക്കാൻ സമയമില്ലെന്നും കഴിഞ്ഞ പത്തു വർഷം സിനിമാ വ്യവസായത്തിന് ദുരന്തമാണ് സർക്കാർ നല്‍കിയതെന്നും അനില്‍ തോമസ് ആരോപിച്ചിരുന്നു. ഈ നിലപാടിനെയാണ് ഇപ്പോള്‍ സിനിമയിലെ ഫെഫ്ക തള്ളിക്കളഞ്ഞത്.

