Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശം നല്‍കും; പ്രതിപക്ഷ ഉപനേതൃപദവിയില്‍ തര്‍ക്കം രൂക്ഷം; ഡല്‍ഹി യോഗങ്ങളില്‍ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ; മുന്നണിയില്‍ സമാന്തര ബ്ലോക്കും സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കലും പരിഗണനയില്‍; പിണറായിയ്ക്ക് വഴങ്ങില്ല

സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശം നല്‍കും; പ്രതിപക്ഷ ഉപനേതൃപദവിയില്‍ തര്‍ക്കം രൂക്ഷം; ഡല്‍ഹി യോഗങ്ങളില്‍ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ; മുന്നണിയില്‍ സമാന്തര ബ്ലോക്കും സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കലും പരിഗണനയില്‍; പിണറായിയ്ക്ക് വഴങ്ങില്ല

തിരുവനന്തപുരം/ഡല്‍ഹി: എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകര്‍ക്കുന്ന യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുമ്പോഴും, സിപിഎമ്മുമായുള്ള ഭിന്നത പരിധി ലംഘിക്കുന്നു.

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍, ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുകയാണ്.

തുടര്‍ന്ന് കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ നിര്‍വാഹക സമിതി, ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ നാളെ ഡല്‍ഹിയില്‍ ആരംഭിക്കും. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ കേരള നിയമസഭയില്‍ സിപിഐ പ്രത്യേകം ബ്ലോക്കായി മാറിയേക്കുമെന്ന കടുത്ത സൂചനകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ സിപിഎമ്മുമായുള്ള പ്രത്യക്ഷ സഹകരണം പാര്‍ട്ടി പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് സാധ്യത.

നിയമസഭയില്‍ സമാന്തര ബ്ലോക്ക് ആവശ്യപ്പെടല്‍, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ബഹിഷ്‌കരിക്കല്‍, മുന്നണി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങിയ നിര്‍ണ്ണായക നീക്കങ്ങളാണ് പാര്‍ട്ടി ഡല്‍ഹി യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം നല്‍കാന്‍ ഒരുങ്ങുന്നത്.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ വ്യക്തമായ ആത്മവിശ്വാസമാണെന്ന് മുന്‍ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. സിപിഐ ശരിയായ ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും അക്കാര്യത്തില്‍ യാതൊരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

എല്‍ഡിഎഫിന്റെ രൂപീകരണം സിപിഐയുടെ കൂടി ത്യാഗത്തിന്റെയും ഉറച്ച നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലുണ്ടായതാണ്. അതുകൊണ്ടുതന്നെ മുന്നണി വിട്ട് സിപിഐ പോകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് ഭിന്നിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കേണ്ടതില്ലെന്നും നിലപാടുകള്‍ കടുപ്പിക്കുമ്പോള്‍ അത് അധികാരത്തിനുവേണ്ടിയുള്ള പോരാട്ടമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുന്നണിക്കുള്ളിലെ കൂട്ടായ്മ ഉറപ്പുവരുത്താനും പരസ്പര ബഹുമാനം നിലനിര്‍ത്താനുമാണ് പാര്‍ട്ടി ഉറച്ച നിലപാടുകളിലേക്ക് കടക്കുന്നതെന്നും രാജന്‍ വ്യക്തമാക്കി.

എന്നാല്‍, പ്രതിപക്ഷ ഉപനേതൃപദവി സിപിഎമ്മിന് തന്നെ അവകാശപ്പെട്ടതാണെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വത്തിന്റെയും നിലപാടാണ് തര്‍ക്കം വഷളാക്കിയത്. എല്‍ഡിഎഫില്‍ അടിമയും ഉടമയുമില്ലെന്നും ആരുടെയും ആജ്ഞ അനുസരിക്കാന്‍ സിപിഐ ബാധ്യസ്ഥരല്ലെന്നുമുള്ള രൂക്ഷമായ മറുപടിയാണ് സിപിഐ ഇതിനകം നല്‍കിയിട്ടുള്ളത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് ശേഷം മുന്നണിയെ നയിക്കാന്‍ കൂട്ടായ നേതൃത്വം ആവശ്യമാണെന്ന വാദമാണ് സിപിഐ ഉയര്‍ത്തുന്നത്. എന്നാല്‍, 1980 മുതലുള്ള പരമ്പരാഗത കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം വിട്ടുനല്‍കാന്‍ സിപിഎം ഒട്ടും തയ്യാറായിട്ടില്ല.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ വന്യജീവി പ്രശ്‌നം, പിഎം ശ്രീ സ്‌കൂള്‍ പദ്ധതി, പൂരം കലക്കല്‍ വിവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. അതിനുപിന്നാലെ പ്രതിപക്ഷ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം കൂടി ഉടലെടുത്തതോടെ ഇടതുമുന്നണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗങ്ങളില്‍ സിപിഐ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിലേക്ക് പാര്‍ട്ടി കടന്നാല്‍, അത് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ പൂര്‍ണ്ണമായി ഉലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali