Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതല്ല; എല്‍ഡിഎഫില്‍ നേരിടുന്ന നിരന്തരമായ അവഗണനയിലുള്ള സഹതാപവും വേദനയും പ്രകടിപ്പിച്ചതാണ്;  ചന്ദ്രികയിലെ ലേഖനത്തില്‍ ഒരു ദുരുദ്ദേശ്യവുമില്ല'; വിശദീകരണവുമായി കെ.പി.എ മജീദ്

'സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതല്ല; എല്‍ഡിഎഫില്‍ നേരിടുന്ന നിരന്തരമായ അവഗണനയിലുള്ള സഹതാപവും വേദനയും പ്രകടിപ്പിച്ചതാണ്; ചന്ദ്രികയിലെ ലേഖനത്തില്‍ ഒരു ദുരുദ്ദേശ്യവുമില്ല'; വിശദീകരണവുമായി കെ.പി.എ മജീദ്

ലപ്പുറം: 'ചന്ദ്രിക' ദിനപത്രത്തില്‍ സിപിഐയെ പ്രശംസിച്ചും എല്‍ഡിഎഫില്‍ അവര്‍ നേരിടുന്ന അവഗണനകള്‍ ചൂണ്ടിക്കാണിച്ചും എഴുതിയ ലേഖനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ.പി.എ മജീദ് രംഗത്തെത്തി.

'വലതുപക്ഷ സി പി എമ്മും സി പി ഐയുടെ നിലനില്‍പ്പും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. ലേഖനം, യു ഡി എഫിലേക്ക് സി പി ഐ തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതല്ലെന്ന് മജീദ് വ്യക്തമാക്കി. യു ഡി എഫില്‍ അങ്ങനെയൊരു ആലോചന ഇല്ല. യു ഡി എഫിലേക്ക് സി പി ഐ വരണമെന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫില്‍ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മില്‍ ഉടലെടുത്ത ഉഭയകക്ഷി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ.പി.എ മജീദിന്റെ ലേഖനം. സിപിഐ എന്തിനാണ് ഇത്രയും ആട്ടും തുപ്പും സഹിക്കുന്നതെന്നും, രാജകല്‍പ്പന അനുസരിക്കുന്ന അടിമകളാണോ അവരെന്നും ലേഖനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഐയും ചേര്‍ന്ന് ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലമാണ് കേരള വികസനത്തിന്റെ അടിത്തറയിട്ടതെന്നും, എല്‍ഡിഎഫില്‍ സിപിഐ വരാന്തയിലേക്ക് തള്ളപ്പെടുകയാണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സിപിഐക്ക് എല്‍ഡിഎഫില്‍ തുടരുന്നത് ദുഷ്‌കരമാകുമെന്നും, മുന്നണി ലേബല്‍ ഒട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാകില്ലെന്നും അദ്ദേഹം കുറിച്ചു. സിപിഐയെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിക്കുന്ന നിലപാടാണ് ലേഖനത്തിലുള്ളതെന്ന പ്രചരണം ശക്തമായതോടെയാണ് കെ.പി.എ മജീദ് മാധ്യമങ്ങളെ കണ്ടത്.

സിപിഐയെ യുഡിഎഫിലേക്ക് തിരിച്ചുവരാന്‍ ക്ഷണിച്ചുകൊണ്ടുള്ളതല്ല താന്‍ എഴുതിയ ലേഖനമെന്ന് കെ.പി.എ മജീദ് വ്യക്തമാക്കി. യുഡിഎഫിലേക്ക് വരണമെന്ന് ആവശ്യപ്പെടാന്‍ താന്‍ ആളല്ലെന്നും, അങ്ങനെയൊരു ആലോചന നിലവില്‍ മുന്നണിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കം അവരുടെ ആഭ്യന്തര കാര്യമാണ്. നിസ്സാരമായ ഒരു പദവി ചോദിച്ചിട്ടുപോലും സിപിഐ നിരന്തരമായി അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോള്‍ തോന്നിയ സഹതാപവും വേദനയുമാണ് ലേഖനത്തിലൂടെ പങ്കുവെച്ചത്. ഇതില്‍ മറ്റ് ദുരുദ്ദേശങ്ങളൊന്നുമില്ല.

സിപിഐക്ക് വന്ന് ഭവിച്ചിട്ടുള്ള പ്രയാസങ്ങളില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. തീരുമാനമെടുക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് സിപിഐ. മുന്നണി മാറ്റത്തെക്കുറിച്ച്‌ അവര്‍ തീരുമാനിച്ച ശേഷമേ യുഡിഎഫ് അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. സിപിഐയുടെ അംഗസംഖ്യയിലല്ല, മറിച്ച്‌ അവരുടെ നിലപാടുകളിലാണ് കാര്യം. മുന്നണിയാകുമ്പോള്‍ ചെറുപാര്‍ട്ടികള്‍ക്കും അര്‍ഹമായ അവകാശങ്ങളുണ്ട്. പണ്ട് ഒന്നിച്ചുഭരിച്ചപ്പോള്‍ സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കിയ ചരിത്രമുണ്ട്. നിലവില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതോ വരാതിരിക്കുന്നതോ യുഡിഎഫിന് ആശങ്കയുണ്ടാക്കുന്നില്ലെന്നും കെ.പി.എ മജീദ് വിശദീകരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali