Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാര കുറുപ്പ് ഫ്രം ബ്രുണെ എന്ന പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവം; കണ്‍സട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുകുമാര കുറുപ്പ്; കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നാടുവിടാന്‍ ഒരുങ്ങുന്ന കുറുപ്പ്; ക്രിസ്ത്യന്‍-ഹിന്ദു പേരുകള്‍ സമന്വയിപ്പിച്ച്‌ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന്‍ എന്ന വ്യാജ വിലാസം; ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പ്, ചെയ്‌സ് ചെയ്ത് കേരള പോലീസ്; വൈറലായി എ.ഐ ട്രോളുകള്‍

സുകുമാര കുറുപ്പ് ഫ്രം ബ്രുണെ എന്ന പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവം; കണ്‍സട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുകുമാര കുറുപ്പ്; കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നാടുവിടാന്‍ ഒരുങ്ങുന്ന കുറുപ്പ്; ക്രിസ്ത്യന്‍-ഹിന്ദു പേരുകള്‍ സമന്വയിപ്പിച്ച്‌ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന്‍ എന്ന വ്യാജ വിലാസം; ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പ്, ചെയ്‌സ് ചെയ്ത് കേരള പോലീസ്; വൈറലായി എ.ഐ ട്രോളുകള്‍

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിയുന്ന ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരപ്പറമ്പ്.

ഇന്‍സ്റ്റഗ്രാമിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ച്‌ നിര്‍മ്മിച്ച എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സ്‌പോര്‍ട്‌സ് ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പും ഇയാളെ വന്‍ സന്നാഹങ്ങളോടെ ചെയ്‌സ് ചെയ്യുന്ന കേരള പോലീസുമൊക്കെയാണ് ട്രോളന്മാരുടെ പ്രധാന പ്രമേയം. അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഇത്തരം ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. 'സുകുമാരക്കുറുപ്പ് ഫ്രം ബ്രൂണെ' എന്ന പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒളിവുജീവിതത്തിനിടെ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കുറുപ്പ്, ബ്രൂണെയില്‍ ഓണം ആഘോഷിക്കുന്ന കുറുപ്പ് എന്നിങ്ങനെ രസകരമായ ഒട്ടേറെ എ.ഐ ചിത്രങ്ങളാണ് ഈ പേജുകളില്‍ നിറയുന്നത്.

ബ്രൂണെയിലെ നിര്‍മ്മാണ കമ്പനി ജീവനക്കാരനായ സുകുമാരക്കുറുപ്പ്, വാര്‍ത്തകള്‍ പുറത്തുവന്നതോടെ താവളം മാറ്റാന്‍ പാക്കിംഗ് നടത്തുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കണ്ടന്റുകളാണ് ട്രോള്‍ പേജുകളിലുള്ളത്. ഇതില്‍ 'സുകുമാരക്കുറുപ്പ് ഫ്രം ബ്രൂണെ' എന്ന ഒറ്റ പേജിന് മാത്രം രണ്ടായിരത്തി അഞ്ഞൂറിലധികം ഫോളോവേഴ്സാണുള്ളത്. പതിറ്റാണ്ടുകളായി പോലീസിനെ വെട്ടിക്കുന്ന സുകുമാരക്കുറുപ്പ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ ഒളിവിലുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ അവകാശപ്പെട്ടതാണ് പുതിയ ട്രോള്‍ തരംഗത്തിന് വഴിവെച്ചത്. ഗൗരവകരമായ കേസ് അന്വേഷണത്തെ ട്രോളന്മാര്‍ തമാശരൂപേണ ഏറ്റെടുത്തതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി.

സുകുമാരക്കുറുപ്പിന്റേത് എന്ന അവകാശപ്പെട്ട് 2023-ല്‍ എടുത്ത ഒരു ചിത്രവും അലി അക്ബര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടിരുന്നു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതും വീട്ടില്‍ വിശ്രമിക്കുന്നതുമടക്കം വിശ്വസനീയമായ ഒട്ടേറെ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അവകാശവാദം. ക്രിസ്ത്യന്‍, ഹിന്ദു പേരുകള്‍ സമന്വയിപ്പിച്ച്‌ ഇന്‍ഡോ-മലേഷ്യന്‍ പൗരന്‍ എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതെന്ന റിപ്പോര്‍ട്ടുകളെയാണ് സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ കൃത്യമായി ഉപയോഗപ്പെടുത്തിയത്. വിദേശരാജ്യങ്ങളില്‍ ആഡംബര ജീവിതം നയിക്കുന്ന കുറുപ്പിന്റെ ഭാവന ചിത്രങ്ങള്‍ എ.ഐ ടൂളുകള്‍ വഴി നിര്‍മ്മിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

അതേസമയം, കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞ പോലീസ് പ്രചരിക്കുന്ന ചിത്രങ്ങള്‍ എ.ഐ നിര്‍മ്മിതമോ അല്ലെങ്കില്‍ തൃശൂര്‍ സ്വദേശിയായ മറ്റൊരു വ്യക്തിയുടേതോ ആണെന്ന സംശയത്തിലാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ട്രോള്‍ മഴയ്ക്ക് യാതൊരു കുറവുമില്ല. ഓരോ കാലത്തും സുകുമാരക്കുറുപ്പിനെക്കുറിച്ച്‌ പുതിയ അഭ്യൂഹങ്ങള്‍ ഇറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ എ.ഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് ട്രോളുകള്‍ക്ക് കൂടുതല്‍ ദൃശ്യസൗന്ദര്യവും പരിഹാസ രൂപവും നല്‍കിയെന്ന് സജീവ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പോലീസിന് പിടികൊടുക്കാത്ത ദുരൂഹ വ്യക്തിത്വമായി കുറുപ്പ് തുടരുമ്പോഴും, സൈബര്‍ ലോകത്ത് എ.ഐ ചിത്രങ്ങളിലൂടെയും ട്രോളുകളിലൂടെയും സുകുമാരക്കുറുപ്പ് വീണ്ടും ഒരു തരംഗമായി മാറുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali