Monday, 26 Oct, 6.37 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി' പ്രവാസിയോ? സ്വര്‍ണക്കടത്തില്‍ എംഎല്‍എക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്; 'പിഡി 12002062020 കോഫെപോസ' എന്ന ഫയല്‍ നമ്ബറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജില്‍ എംഎല്‍എയുടെ പേരെത്തിയത് കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലിലൂടെയെന്ന് സൂചന; റമീസ് ഫോണ്‍ നശിപ്പിച്ചതും ഉന്നതരെ രക്ഷിക്കാന്‍; വമ്ബന്‍ സ്രാവുകള്‍ ഇപ്പോഴും കാണാമറയത്ത്

കൊച്ചി: സ്വര്‍ണക്കടത്തില്‍ എംഎല്‍എക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള എംഎല്‍എയാണ് സംശയ നിഴലിലുള്ളത്. കാരാട്ട് ഫൈസല്‍ എന്ന ഇടതുപക്ഷ കൗണ്‍സിലറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ എംഎല്‍എയെ സംശയ നിഴലില്‍ നിര്‍ത്തുന്നതെന്ന സൂചനയും ഉണ്ട്. കൊടുവള്ളി മാഫിയയിലേക്ക് സ്വര്‍ണ്ണ കടത്ത് വിരല്‍ ചൂണ്ടുന്നതിന്റെ സാധ്യതയാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത്.

സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ 'കോഫെപോസ' (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരു പരാമര്‍ശിക്കുന്നത്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. 'പിഡി 12002062020 കോഫെപോസ' എന്ന ഫയല്‍ നമ്ബറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്. കരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎല്‍എക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്കു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവര്‍ തമ്മിലുള്ള ആശയവിനിമയം. എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ പ്രതിയോ സാക്ഷിയോ ആകാത്തത്.

സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയുടെ പേരിലാണെന്നും കസ്റ്റംസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. കേസിലെ പ്രധാനിയെ പിടികൂടാതിരിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തല്‍.

കേന്ദ്രത്തിനു നല്‍കിയ കസ്റ്റംസ് റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ത്ത സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി'യെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 30 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവച്ച സന്ദര്‍ഭത്തിലാണ് അതു വിട്ടുകിട്ടാന്‍ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമര്‍ശിക്കുന്നത്. ഇക്കാര്യം അറിയിച്ചതു കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. ഇടപെട്ടതൊരു പ്രവാസിയാണെന്നും സൂചനയുള്ളതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ച്‌ വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്‍കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇതിന് പിന്നാലെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top