Dailyhunt
തദ്ദേശീയ മികവില്‍ കുതിച്ച്‌ ഇന്ത്യന്‍ നാവികസേന; ഡുണഗിരി ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ കമ്മീഷന്‍ ചെയ്തു; പ്രതിരോധ മേഖലയില്‍ പുത്തന്‍ നാഴികക്കല്ല്

തദ്ദേശീയ മികവില്‍ കുതിച്ച്‌ ഇന്ത്യന്‍ നാവികസേന; ഡുണഗിരി ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ കമ്മീഷന്‍ ചെയ്തു; പ്രതിരോധ മേഖലയില്‍ പുത്തന്‍ നാഴികക്കല്ല്

കൊല്‍ക്കത്ത: തദ്ദേശീയ കപ്പല്‍ നിര്‍മ്മാണ രംഗത്ത് പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (ജി.ആര്‍.എസ്.ഇ.).

അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മൂന്ന് യുദ്ധക്കപ്പലുകള്‍ ജി.ആര്‍.എസ്.ഇ. ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി.

ഡുണഗിരി, സംശോധക്, അഗ്രെ എന്നീ കപ്പലുകളാണ് നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനായി കമ്മീഷന്‍ ചെയ്തത്. ജി.ആര്‍.എസ്.ഇ. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കമഡോര്‍ (റിട്ട.) പി.ആര്‍. ഹരിയില്‍ നിന്ന് റിയര്‍ അഡ്മിറല്‍ ഗൗതം മര്‍വാഹയും കമഡോര്‍ ശിശിര്‍ ദീക്ഷിത്തും ചേര്‍ന്നാണ് കപ്പലുകള്‍ ഏറ്റുവാങ്ങിയത്. നാവികസേനയുമായുള്ള കരാര്‍ പ്രകാരമുള്ള 118 കപ്പലുകളില്‍ 80 എണ്ണത്തിന്റെ നിര്‍മ്മാണം ഇതോടെ പൂര്‍ത്തിയായി.

പ്രോജക്‌ട് 17എ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച രണ്ടാമത്തെ അഡ്വാന്‍സ്ഡ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റാണ് 'ഡുണഗിരി'. 149 മീറ്റര്‍ നീളവും 6,670 ടണ്‍ ഭാരവുമുള്ള ഈ കപ്പലില്‍ ബ്രഹ്‌മോസ് കപ്പല്‍ വിരുദ്ധ മിസൈലുകള്‍, ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകള്‍, അത്യാധുനിക എ.ഇ.എസ്.എ. റഡാര്‍ സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നാല് വലിയ സര്‍വേ കപ്പലുകളില്‍ ഒന്നാണ് 'സംശോധക്'. തീരമേഖലയിലും ആഴക്കടലിലും സര്‍വേ നടത്താന്‍ ശേഷിയുള്ള ഈ കപ്പല്‍ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയായി മാറ്റാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കും. ഹെലികോപ്റ്റര്‍ ലാന്‍ഡിങ് സൗകര്യവും ഇതിലുണ്ട്.

ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ വിഭാഗത്തില്‍പ്പെടുന്ന 'അഗ്രെ' ആണ് കൈമാറിയ മൂന്നാമത്തെ കപ്പല്‍. ആഴം കുറഞ്ഞ ഇടങ്ങളില്‍ (2.7 മീറ്റര്‍) പോലും സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഭാരം കുറഞ്ഞ ടോര്‍പിഡോകളും റോക്കറ്റുകളും വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പലിന്റെ 88 ശതമാനം ഭാഗങ്ങളും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ യുദ്ധക്കപ്പലുകളുടെ കടന്നുവരവ്. കടലിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ നാവികസേനയെ കൂടുതല്‍ സജ്ജമാക്കുന്നതാണ് ഈ അത്യാധുനിക യാനങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali