Saturday, 12 Oct, 12.27 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
താജ് ഫിഷര്‍മാന്‍സ് കോവ് റിസോര്‍ട്ടില്‍ കടല്‍ സൗന്ദര്യം ആസ്വദിച്ച്‌ മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച; ഇരു നേതാക്കളും മാത്രം ചര്‍ച്ച നടത്തിയത് ഒരു മണിക്കൂറോളം; ഇന്ത്യയില്‍ നല്‍കിയ വന്‍ വരവേല്‍പ്പിന് നന്ദിയെന്നും ഇത് അവിസ്മരണീയ അനുഭവമെന്നും ചൈനീസ് പ്രസിഡന്റ്; കശ്മീരിരും ഭീകരവാദവും ചര്‍ച്ചാ വിഷയമായി; സൗഹൃദം ദൃഢമാക്കാനുറച്ച്‌ അയല്‍ക്കാര്‍; മാമല്ലപുരത്തേത് പുതുയുഗത്തിന്റെ തുടക്കമെന്ന് മോദി

മാമല്ലപുരം: ഇന്ത്യയും ചൈനയും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. താജ് ഫിഷര്‍മാന്‍സ് കോവ് ഹോട്ടലിലെ ആഡംബര സ്യൂട്ടില്‍ ബംഗാള്‍ ഉള്‍ക്കടലിലെ സൗന്ദര്യം ദൃശ്യമാകുന്ന രീതിയില്‍ ആണ് ഇരു നേതാക്കള്‍ക്കും പരസ്പരം ചര്‍ച്ച നടത്തുന്നതിന് ഇരിപ്പിടം സജ്ജമാക്കിയിരുന്നത്. ഇതിന് പിന്നാലെ ഇരു രാജ്യത്തേയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച നടക്കും. കാശ്മീര്‍ വിഷയം ഉള്‍പ്പടെ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായിട്ടാണ് വിവരം. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയിലെ വരവേല്‍പ്പിന് നന്ദിയെന്നും ഇത് അവിസ്മരണീയമായ അനുഭവമെന്നും ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ചയെ കുറിച്ച്‌ പറഞ്ഞു.

മോദിയും ഷി ജിന്‍ പിങും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ എന്തൊക്കെയാണ് വിഷയമായത് എന്നത് സംബന്ധിച്ചും ഒപ്പം തന്നെ എന്താണ് തീരുമാനങ്ങള്‍ എന്നും ഇരു രാജ്യങ്ങളും പ്രത്യേകം പ്രസ്താലവന നടത്തും. ഇന്ന് ഇരു നേതാക്കളും ഒരുമിച്ച്‌ ഉച്ച ഭക്ഷണം കഴിക്കും. ഭീകരവാദവും രാജ്യ സുരക്ഷയും ഒപ്പം തന്നെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും.കാശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നേരത്തെ ചൈന നടത്തിയിരുന്നത് പാക്കിസഥാന്‍ അനുകൂല പ്രസ്താവനകളായിരുന്നു. കാശ്മീരിലെ സ്ഥിതി നിരീക്ഷിച്ച്‌ വരുന്നുണ്ട് എന്ന ചൈനയുടെ പ്രസ്തവനയ്ക്ക് അത് ഇന്ത്യയുടെആഭ്യന്തര കാര്യം മാത്രമാണ് എന്നും മറ്റാരു ഇടപെടേണ്ട എന്നും ഇന്ത്യ മറുപടി നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇതില്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമുണ്ട് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍.ഭീകരവാദം സംയുക്തമായി ചെറുക്കാന്‍ ഇരുനേതാക്കളും ഇന്നലെ തീരുമാനിച്ചിരുന്നു. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു അത്. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് രാജ്യങ്ങളും പ്രത്യേകം വാര്‍ത്താകുറിപ്പ് പുറത്തിറക്കാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയത്തില്‍ എന്ത് ചര്‍ച്ച നടന്നു എന്ന കാര്യം വ്യക്തമാകും. വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിക്കാനാണ് സാധ്യത.

വ്യാപാരം, പ്രതിരോധം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളായിരിക്കും ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയില്‍ ഉരുത്തിരിയുക. ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരമാവധി കുറച്ച്‌ നല്ല ബന്ധം സ്ഥാപിക്കുക എന്നത് തന്നെയാകും ഇരു നേതാക്കളും ലക്ഷ്യം വയ്ക്കുക. കഴിഞ്ഞ ഏപ്രിലില്‍ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.

അതിശക്തമായ സുരക്ഷയാണു മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിട്ടുള്ളത്. അയ്യായിരത്തിലേറെ പൊലീസുകാര്‍ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. തീരത്തോടു ചേര്‍ന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. എണ്ണൂറോളം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.മഹാബലിപുരത്തേയ്ക്കുള്ള റോഡുകള്‍ക്കിരുവശത്തും ഫ്ളെക്സുകളില്‍ മോദിയും ഷി ചിന്‍പിങ്ങും ചിരിച്ചു നില്‍ക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളില്‍ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളുമുണ്ട്.

വീഥികള്‍ മിനുക്കിയും ശില്‍പങ്ങളില്‍ ചായമടിച്ചും അലങ്കാര വിളക്കുകള്‍ തെളിയിച്ചും നഗരം മുഖം മിനുക്കിയാണ് ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനൊരുങ്ങിയിരിക്കുന്നത്. കൂടുതല്‍ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചരഥങ്ങള്‍, അര്‍ജുന തപസ്സ് ശില്‍പങ്ങള്‍, തീരക്ഷേത്രം എന്നിവ മോദിയും ഷിയും ഒരുമിച്ചു സന്ദര്‍ശിക്കും. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കള്‍ വിരിച്ച പ്രത്യേക ഇരിപ്പിടമൊരുക്കി. ചൈനീസ് പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കഥകളിയുള്‍പ്പെടെയുള്ള പാരമ്ബര്യ കലാരൂപങ്ങള്‍ അണിനിരക്കും. ഉച്ചകോടിക്കു ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്കും പോകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top