ടെല്‍അവീവ്: ഭീകരതയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ കൂട്ടക്കൊലയില്‍ മരണമടഞ്ഞ ഇസ്രയേലി യുവതിയുടെ കാമുകന്‍, യുവതിയുടെ കുഴിമാടത്തിനടുത്ത് സ്വയം വെടിവെച്ചു മരണമടഞ്ഞു.
ലിറോണ്‍ ബാര്‍ഡ എന്ന യുവതിയുടെ കുഴിമാടത്തിനരികില്‍ ഇരുന്ന് കാമുകനായ ബാര്‍ അസ്രാഫ് എന്ന 30 കാരന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബാര്‍ഡ കൊലചെയ്യപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ എല്‍കാനയിലുള്ള സെമിത്തേരിയില്‍ അസ്രഫിനെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ അയാളുടെ സഹോദരിയാണ് കണ്ടെത്തിയത്. ഉടനടി എമര്‍ജന്‍സി ജീവനക്കാര്‍ സ്ഥലത്തെത്തി കഠിനമായി പരിശ്രമിച്ചെങ്കിലും അയാളുടെ ജീവന്‍ നിലനിര്‍ത്താനായില്ല. സ്വന്തം സഹോദരനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഹൃദയഭേദകമായ രംഗം സഹോദരി ലേഹി ഒരു ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു.
കാമുകി കൊലച്ചെയ്യപ്പെട്ടതിനു ശേഷം കൂടുതല്‍ സമയവും ഏകാന്തതയില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇയാള്‍ ഒരുതരം ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് സഹോദരി പറഞ്ഞു. മറ്റൊരു സഹോദരന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇയാള്‍ പെട്ടെന്ന് അവിടം വിട്ടുപോവുകയായിരുന്നു. പതിവുപോലെ ഒറ്റയ്ക്കിരിക്കാന്‍ പോയതായിരിക്കും എന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷവും സഹോദരനെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. പോകാന്‍ സാധ്യതയുള്ളത് കാമുകിയുടെ കല്ലറയ്ക്ക് സമീപമായിരിക്കും എന്ന് അനുമാനത്തില്‍ ആദ്യം തന്നെ അവിടെ എത്തുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. കാമുകിയായ ലിറോണിന്റെ കല്ലറയ്ക്ക് സമീപം ചെന്നിരുന്ന് കാമുകിയോട് ഒറ്റയ്ക്കിരുന്ന് സംസാരിക്കാറുള്ള പതിവുള്ളതിനാലാണ് അങ്ങനെയൊരു സംശയം വന്നതെന്നും അവര്‍ പറഞ്ഞു.
നോവാ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വേദിയില്‍ ഒരു ബാര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ബാര്‍ഡ. അക്രമം നടന്നയുടന്‍ സ്ഥലം വിടാന്‍ അവരോട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ആക്രമത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ അവര്‍ അവിടെ തന്നെ തുടരുകയായിരുന്നു.

