തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡിന്റെ വെല്‍ഡിംഗ് പൊട്ടിവീണ് അപകടം.
ജയിന്റ് വീലില്‍ നിന്ന് താഴെവീണ് കുട്ടികള്‍ അടക്കം 25ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍ ഒടിഞ്ഞ സ്്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചത്. ചിലര്‍ക്ക് പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിവരമുണ്ട്.
ജയിന്റ് വീലിന്റെ വെല്‍ഡിങ് മുറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. റൈഡില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ കേരളത്തിലെ പ്രധാന അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നാണിത്. സ്‌കൂള്‍ അവധിക്കാലമായതിനാലും ഇന്ന് അവധി ദിവസമായതിനാലും അമ്യൂസ്മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ നല്ല തിരക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. റൈഡ് പൊട്ടിവീണ് അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ പൊലീസുകാരും അവിടെ കൂടിയിരുന്നവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരില്‍ നാലുപേരെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് പൊലീസ് പറയുന്നത്.
പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ 'ചലഞ്ചര്‍' (ജയന്റ് വീല്‍) റൈഡാണ് തകര്‍ന്നുവീണത്. അപകടസമയത്ത് 26 ഓളം പേര്‍ ഈ റൈഡില്‍ ഉണ്ടായിരുന്നു. റൈഡ് ഉയര്‍ന്നുപൊങ്ങിയ സമയത്ത് ഇതിന്റെ പ്രധാന ഭാഗത്തെ വെല്‍ഡിങ് പെട്ടെന്ന് പൊട്ടുകയും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടന്‍ തന്നെ പാര്‍ക്കിലുണ്ടായിരുന്നവരും ജീവനക്കാരും പൊലീസും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.
അപകടത്തില്‍ ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. പരിക്കേറ്റവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ആദ്യം വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവരില്‍ ഒരു സ്ത്രീയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മറ്റ് ആളുകളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുറമേ എസ്.യു.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ആളപായമില്ലെങ്കിലും ചിലര്‍ക്ക് ശരീരമാസകലം പൊട്ടലുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലൊന്നായ ഹാപ്പിലാന്‍ഡില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നും റൈഡുകളുടെ ഫിറ്റ്നസ് കൃത്യമായി പരിശോധിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ക്ക് അധികൃതര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

