Friday, 26 Feb, 9.30 am മറുനാടന്‍ മലയാളി

ഇന്ത്യ
ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളിനോട് പ്രതിഫലം തേടി ഇന്ത്യന്‍ ദിനപത്രങ്ങളും; ലാഭത്തിന്റെ 85 ശതമാനം നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

ന്യൂഡല്‍ഹി: ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം നല്‍കണമെന്ന് ഗൂഗിളിനോട് ഇന്ത്യന്‍ ദിനപത്രങ്ങള്‍ ആവശ്യപ്പെട്ടു. വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 85 ശതമാനം വിഹിതം നല്‍കണമെന്നാണ് ഇന്ത്യയിലെ 800 ഓളം പ്രസാധകരെ പ്രതിനിധീകരിച്ച്‌ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) ആവശ്യപ്പെട്ടിരിക്കുന്നത്. സെര്‍ച്ച്‌ എന്‍ജിന്‍ ഭീമനായ ഗൂഗിളുമായി ആഗോളതലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ചാണ്് ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം തേടി ഇന്ത്യന്‍ ദിനപത്രങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതിഫലം ആവശ്യപ്പെട്ട് ഐഎന്‍എസ് ഗൂഗിളിനു കത്തു നല്‍കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ഫേസ്‌ബുക്കും തമ്മില്‍ ഈ വിഷയത്തില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഐഎന്‍എസ് ഇക്കാര്യം ആവശ്യപ്പെട്ട് ഗൂഗിളിനു കത്തു നല്‍കിയിരിക്കുന്നത്. ''ആയിരക്കണക്കിന് ജേണലിസ്റ്റുകളെ നിയോഗിച്ച്‌ നടത്തുന്ന വാര്‍ത്താശേഖരണത്തിന്റെ ചെലവാണ് ആവശ്യപ്പെടുന്നതെന്ന്'' കത്തില്‍ പറയുന്നു.

''വലിയ തുക ചെലവിട്ട് നടത്തുന്ന പ്രയത്‌നത്തിന്റെ കൂടി ഭാഗമായാണ് വാര്‍ത്താശേഖരണം നടത്തുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം അതാത് ദിനപത്രങ്ങള്‍ക്കാണ്. ഇത്തരത്തില്‍ ഉത്തരവാദത്തോടെ, വിശ്വാസം ഉറപ്പിച്ചെടുക്കുന്ന ഉള്ളടക്കമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ഗൂഗിളിന്റെയും സ്വീകാര്യത ഉറപ്പിച്ചതെന്ന്'' ഐഎന്‍എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

''പരസ്യങ്ങളാണ് വാര്‍ത്താ മാധ്യമ വ്യവസായത്തിന് സാമ്ബത്തിക പിന്‍ബലമേകുന്നത്. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത് ദിനപത്രങ്ങളുടെ പ്രസാധകര്‍ക്ക് വേണ്ടത്ര പരസ്യവിഹിതം ലഭിക്കുന്നില്ല. പരസ്യവരുമാനത്തിന്റെ 'ഭീമമായ ഭാഗം' ഗൂഗിള്‍ കയ്യടക്കുമ്ബോള്‍ പ്രസാധകര്‍ക്ക് താരതമ്യേന കുറവു വിഹിതമാണ് ലഭിക്കുന്നതും. ഒട്ടും സുതാര്യമല്ലാത്ത നയമാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ സ്വീകരിക്കുന്നതെന്നും ഐഎന്‍എസ് വ്യക്തമാക്കി.

ഉള്ളടക്കം എടുക്കുന്നതിന് ഗൂഗിളും ഫേസ്‌ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് മതിയായ പ്രതിഫലം നല്‍കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച നിയമം പാസാക്കിയിരുന്നു. ഇതിനു സമാനമായി ആഗോളതലത്തില്‍ പല രാജ്യങ്ങളും നിയമനിര്‍മ്മാണങ്ങള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പല പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്കും ഇത്തരം നിയമനിര്‍മ്മാണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top