തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പി.എസ്.സി) ഒളിച്ചുകളിക്കെതിരെ വിവരാവകാശ കമ്മീഷന്‍ പടവാളോങ്ങുന്നു!
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്ന പി.എസ്.സിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് വിവരാവകാശ കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പും അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങളും നല്‍കാതിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്ന് വ്യക്തമാക്കിയ കമ്മീഷന്‍, വലിഞ്ഞു മുറുകുന്ന പി.എസ്.സിക്ക് ഒടുവില്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു.
വിവരങ്ങള്‍ കൈമാറാന്‍ മുന്‍പ് നല്‍കിയ ഉത്തരവ് പി.എസ്.സിയിലെ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം അട്ടിമറിക്കുകയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ഇത് രാജ്യത്തെ വിവരാവകാശ നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. കൃത്യവിലോപം കാണിച്ച പി.എസ്.സി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. വീഴ്ച ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ ഉദ്യോഗസ്ഥന് ഒരു അവസാന അവസരം കൂടി നല്‍കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. വരും ഓഗസ്റ്റ് പത്തിനകം പരാതിക്കാരന്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും കൈമാറി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കടുത്ത നിര്‍ദ്ദേശം.
ആസൂത്രണ ബോര്‍ഡ് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥിയാണ് ഉത്തരക്കടലാസിന്റെ പകര്‍പ്പും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് ഷീറ്റും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. എന്നാല്‍ തങ്ങളുടെ പരീക്ഷാ ക്രമക്കേടുകള്‍ പുറത്തുവരുമെന്ന ഭയത്താല്‍ വിവരാവകാശ നിയമപ്രകാരം ഇത് നല്‍കാനാകില്ലെന്ന വിചിത്ര നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ മുന്‍ ഉത്തരവ് പോലും കാറ്റില്‍പ്പറത്താന്‍ പി.എസ്.സി മടിച്ചില്ല.
മറ്റൊരു റാങ്ക് പട്ടിക കൂടി പുറത്തുവരാനിരിക്കെ ഈ ഘട്ടത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന ന്യായീകരണമാണ് ഉദ്യോഗാര്‍ത്ഥിക്ക് മറുപടിയായി നല്‍കിയത്. പോരെങ്കില്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. എന്നാല്‍, ഈ അനീതി ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥി വീണ്ടും വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് പി.എസ്.സി ഉദ്യോഗസ്ഥര്‍ പെട്ടുപോയത്.
ആസൂത്രണ ബോര്‍ഡിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ചവരുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള മുഴുവന്‍ രേഖകളും അന്വേഷണ സംഘമായ ക്രൈംബ്രാഞ്ചിന് പി.എസ്.സി കൈമാറിയിരുന്നു. എന്നാല്‍ വിവരമറിയാന്‍ അവകാശമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ 'നിയമന പ്രക്രിയ പൂര്‍ത്തിയായില്ല' എന്ന് പറഞ്ഞ് വാതില്‍ കൊട്ടിയടക്കുകയായിരുന്നു. പി.എസ്.സിയുടെ ഈ കള്ളക്കളി ഇനി നടപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഓഗസ്റ്റ് 10 എന്ന നിര്‍ണ്ണായക ഡെഡ്ലൈന്‍ വിവരാവകാശ കമ്മീഷന്‍ ഇപ്പോള്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്.

