Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍; സംഘടന തലത്തില്‍ ബിജെപി അഴിച്ചുപണി തുടങ്ങി;  നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത; വി. മുരളീധരന്‍ ദേശീയ നേതൃത്വത്തിലേക്ക്?

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍; സംഘടന തലത്തില്‍ ബിജെപി അഴിച്ചുപണി തുടങ്ങി; നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാര്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത; വി. മുരളീധരന്‍ ദേശീയ നേതൃത്വത്തിലേക്ക്?

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സംഘടനയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.ജെ.പിയില്‍ വിപുലമായ അഴിച്ചുപണി.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ച്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഉത്തരവിറക്കിയത്. വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയും പഞ്ചാബില്‍ സര്‍ദാര്‍ കേവല്‍ സിങ് ധില്ലനും പുതിയ ബി.ജെ.പി അധ്യക്ഷന്മാരാകും. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ പാര്‍ട്ടി എം.എല്‍.എയായ അഭിഷേക് ഡെബ്രോയിയെയാണ് പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രനേതൃത്വം നിശ്ചയിച്ചത്. പുതിയ നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ ഈ അഴിച്ചുപണിയോടെ മൂന്നാം മോദി സര്‍ക്കാരിന്റെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നിരിക്കുകയാണ്. ഡല്‍ഹി ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര നിയമിതനായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ മാറ്റം ഉറപ്പായിക്കഴിഞ്ഞു. ജൂണ്‍ 10-ന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച്‌ മന്ത്രിസഭയില്‍ വിപുലമായ പുനഃസംഘടന നടക്കുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. വാര്‍ഷികത്തിന് തൊട്ടുമുമ്പോ ശേഷമോ ഈ മാറ്റങ്ങള്‍ ഉണ്ടായേക്കും. പഞ്ചാബ് ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ചാകും മന്ത്രിസഭ രൂപീകരിക്കുക. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകാതെ പോയ ചില മന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്കും പുതുതായി വരുന്ന രാജ്യസഭാംഗങ്ങള്‍ക്കും അവസരം നല്‍കിയേക്കും. നിരവധി സഹമന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിലവില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ 72 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. പശ്ചിമ ബംഗാള്‍, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനവും പുതുച്ചേരിയിലെ എന്‍.ഡി.എ വിജയവും ഈ മന്ത്രിസഭാ വിപുലീകരണത്തില്‍ പ്രതിഫലിച്ചേക്കും.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ 2027 ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള നേതാക്കള്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനോട് അനുബന്ധിച്ച്‌ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തേക്കും. ബി.ജെ.പി ദേശീയ തലത്തില്‍ നടത്തുന്ന ഈ പുനഃസംഘടനയില്‍ കേരളത്തിന് വലിയ പ്രാധാന്യം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് വി. മുരളീധരന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ സുപ്രധാന പദവിയിലെത്തിയേക്കും. അദ്ദേഹത്തിന് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും, പകരം ബി.ബി. ഗോപകുമാറിനെയാണ് പാര്‍ട്ടി നിശ്ചയിച്ചത്. ഇതിന് പുറമേ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali