മുല്ലൻപുർ: പഞ്ചാബ് കിങ്‌സിനെതിരായ രാജസ്ഥാന്റെ മത്സരത്തിന് ശേഷം മൈതാനത്ത് നടന്ന ചില കാഴ്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
പഞ്ചാബ് താരം അർഷ്‌ദീപ് സിങ്ങിന്റെ കാമുകിയും നടിയുമായ സമ്രീൻ കൗർ 15കാരൻ വൈഭവിനെ ഓടിയെത്തി അഭിനന്ദിച്ചതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ആരാധകർക്കിടയില്‍ ചിരി പടർത്തുന്നത്. പഞ്ചാബിനെതിരെ 16 പന്തില്‍ 43 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ വൈഭവിനെ അഭിനന്ദിക്കാൻ നിരവധി പ്രമുഖർ എത്തിയിരുന്നു.
എന്നാല്‍ അർഷ്‌ദീപിന്റെ കാമുകി സമ്രീൻ കൗർ വൈഭവിനോട് ഏറെ നേരം സംസാരിക്കുകയും താരത്തിന് ഒരു 'പ്ലേസ്റ്റേഷൻ' സമ്മാനമായി നല്‍കുകയും ചെയ്തു. തന്റെ കാമുകി മറ്റൊരു ടീമിലെ താരത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്നത് കണ്ട് അരികില്‍ നിന്ന അർഷ്‌ദീപിന്റെ മുഖഭാവം ഇപ്പോള്‍ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു. അതൃപ്തിയോ അതോ കൗതുകമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അർഷ്‌ദീപിന്റെ ആ എക്സ്പ്രഷനാണ് വീഡിയോയിലെ ഹൈലൈറ്റ്.
ഈ സീസണില്‍ വെറും 167 പന്തില്‍ നിന്ന് 400 റണ്‍സ് തികച്ച വൈഭവ് സൂര്യവംശി, ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ പന്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറി. രാജസ്ഥാൻ റോയല്‍സിനായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ഈ പതിനഞ്ചുകാരൻ. പഞ്ചാബിനെ ഈ സീസണില്‍ ആദ്യമായി തോല്‍പ്പിച്ച ടീം എന്ന ഖ്യാതി രാജസ്ഥാൻ നേടിയപ്പോഴും വൈഭവിന്റെ പോരാട്ടം നിർണ്ണായകമായിരുന്നു.
അർഷ്‌ദീപ് സിങ്ങും സമ്രീൻ കൗറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ശക്തമായിരുന്നു. വിമാനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും ഇരുവരെയും ഒന്നിച്ചു കാണാറുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ വൈഭവിനെ അഭിനന്ദിക്കാനെത്തിയ സമ്രീന്റെ പ്രവർത്തിയും അതിനോടുള്ള അർഷ്‌ദീപിന്റെ പ്രതികരണവും ഈ പ്രണയകഥയ്ക്ക് കൂടുതല്‍ നിറം പകർന്നിരിക്കുകയാണ്.
അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരെ തകർപ്പൻ ജയവുമായി സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ഡല്‍ഹി. കെ എല്‍ രാഹുലിന്റെയും പതും നിസ്സങ്കയുടെയും തകർപ്പൻ ബാറ്റിംഗ് മികവില്‍ രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ തകർപ്പൻ ജയം സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഡല്‍ഹി ജയ്പൂരില്‍ വിജയിച്ചുകയറിയത്.
സീസണിലെ മോശം ഫോമിനും ഡഗ് ഔട്ടിലെ വിവാദങ്ങള്‍ക്കും മറുപടിയുമായി 50 പന്തില്‍ 90 റണ്‍സടിച്ച റിയാൻ പരാഗാണ് രാജസ്ഥാനെ 225 എന്ന മികച്ച സ്കോറിലെത്തിച്ചത്. 32 പന്തില്‍ അർദ്ധ സെഞ്ച്വറി തികച്ച താരം ജാമിസണെയും സ്റ്റാർക്കിനെയും കണക്കിന് പ്രഹരിച്ചു. എന്നാല്‍ ഫീല്‍ഡിംഗിനിടെ ഹാംസ്ട്രിംഗ് പരിക്ക് അലട്ടിയ പരാഗ് രണ്ടാം ഇന്നിംഗ്സില്‍ ഭൂരിഭാഗം സമയവും പുറത്തിരുന്നു. പരാഗിന് പകരം യശസ്വി ജയ്‌സ്വാളാണ് ടീമിനെ നയിച്ചത്.
226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് വേണ്ടി രാഹുലും (75) നിസ്സങ്കയും (62) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. വെറും 9.3 ഓവറില്‍ ഇരുവരും ചേർന്ന് 102 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. 27 പന്തില്‍ രാഹുല്‍ അർദ്ധ സെഞ്ച്വറി തികച്ചപ്പോള്‍ നിസ്സങ്ക 23 പന്തിലാണ് 50 കടന്നത്. രാഹുല്‍ മൈതാനത്തിന്റെ എല്ലാ കോണിലേക്കും ഷോട്ടുകള്‍ പായിച്ചപ്പോള്‍, നിസ്സങ്ക പുള്‍ ഷോട്ടുകളിലൂടെ മൂന്ന് സിക്സറുകള്‍ നേടി കാണികളെ ആവേശത്തിലാക്കി.
രാഹുലും നിതീഷ് റാണയും (33) പുറത്തായതോടെ അവസാന 26 പന്തില്‍ 49 റണ്‍സ് വേണമെന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ അശുതോഷ് ശർമ്മയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് പതറാതെ കളിച്ച് ഡല്‍ഹിയെ വിജയതീരത്ത് എത്തിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഡല്‍ഹിയുടെ ഏറ്റവും വലിയ റണ്‍ ചേസാണിത്. ഈ വിജയത്തോടെ 8 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. തോറ്റെങ്കിലും 12 പോയിന്റുള്ള രാജസ്ഥാൻ റോയല്‍സ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു.
രാജസ്ഥാൻ റോയല്‍സ്: 225/6 (20 ഓവർ) - റിയാൻ പരാഗ് 90, ഫെരേര 47, സ്റ്റാർക്ക് 3/40.
ഡല്‍ഹി ക്യാപിറ്റല്‍സ്: 226/3 (19.4 ഓവർ) - കെ എല്‍ രാഹുല്‍ 75, പതും നിസ്സങ്ക 62.

