ഹരിപ്പാട്: യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തില്‍ വീട്ടില്‍ അനില്‍കുമാർ (45) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടോടെ വീട്ടില്‍നിന്ന് പോയ അനില്‍കുമാർ രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പന്നാമുറി - അമ്പാടി മുക്ക് റോഡിനോട് ചേർന്നുള്ള കനാലില്‍ അനില്‍കുമാറിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും സംസ്‌കാരം നടത്തുകയും ചെയ്തു.

