Monday, 26 Jul, 7.35 am മറുനാടന്‍ മലയാളി

ഹോം
വാക്‌സീന്‍ വിതരണത്തിലും പിന്‍വാതില്‍; സ്‌പോട്ട് റജിസ്‌ട്രേഷന്റെ മറവില്‍ ഇഷ്ടക്കാര്‍ക്കു വാക്‌സീന്‍ നല്‍കുന്നെന്ന ആക്ഷേപം ശക്തം; കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ഭാഗികം മാത്രം; സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളിലെത്തുന്ന വാക്സിനില്‍ ഭൂരിഭാഗവും വീതം വെച്ചെടുക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണം അവതാളത്തില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള കോവിഡ് വാക്‌സിന്‍ വിതരണമാണ് തോന്നുംപടി നടക്കുന്നത്. ഇഷ്ടക്കാര്‍ക്ക് വേണ്ടി വിതരണം ചെയ്യുമ്ബോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്നും ആക്ഷേപം ശക്തമയി ഉയരുന്നു. സ്‌പോട്ട് റജിസ്‌ട്രേഷന്റെ മറവില്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കു താല്‍പര്യമുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്നാണു പ്രധാന ആക്ഷേപം.

പ്രായമായവരും സാങ്കേതികജ്ഞാനം ഇല്ലാത്തവരും വാക്‌സീന്‍ ബുക്കിങ്ങില്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണു തദ്ദേശ സ്ഥാപനങ്ങളില്‍ സ്‌പോട്ട് റജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കിയത്. എന്നാല്‍ ചില തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡ് പ്രതിനിധികളും അവര്‍ക്കു താല്‍പര്യമുള്ളവര്‍ക്കു മാത്രം വാക്‌സീന്‍ നല്‍കുന്നതിനാല്‍ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.

വാക്‌സീന്‍ ലഭ്യത മുന്‍കൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവര്‍ക്കു വിവരം നല്‍കുകയാണു പലയിടത്തും. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കോ വാര്‍ഡ് അംഗത്തിനോ താല്‍പര്യമുള്ളവരെയാണു സ്‌പോട്ട് റജിസ്‌ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും വാക്‌സീന്‍ കിട്ടില്ല. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേര്‍ സംസ്ഥാനത്തു കാത്തു നില്‍ക്കുമ്ബോഴാണ് ഇവരെയൊക്കെ മറികടന്നുള്ള പിന്‍വാതില്‍ വിതരണം.

ചില സ്ഥലങ്ങളില്‍ കൂട്ടത്തോടെ വാക്‌സീന്‍ ബുക്ക് ചെയ്യാന്‍ ഹെല്‍പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്‌സീന്‍ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോര്‍ത്തി നല്‍കി ഇവര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓണ്‍ലൈനിലും വാക്‌സീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു മിനിറ്റുകള്‍ക്കുള്ളില്‍ അപേക്ഷിച്ചാലും ബുക്കിങ് പൂര്‍ണമായതായാണു വെബ്‌സൈറ്റില്‍ കാണുന്നത്.

കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ഭാഗികം മാത്രം. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്സിനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും വീതംവെച്ചെടുക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിപ്രതിനിധികളും ഇതിന്റെ പങ്കുപറ്റുന്നതിനാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറല്ല.

സമയക്രമമില്ലാതെ ആളുകള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോര്‍ട്ടലില്‍നിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവരുടെ മുന്നില്‍ ആരോഗ്യപ്രവര്‍ത്തകരും കൈമലര്‍ത്തുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പൂര്‍ണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തില്‍ത്തന്നെ കോവിന്‍ പോര്‍ട്ടലില്‍ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ പരാതിപ്പെടുന്നു.

18-ന് മുകളില്‍ സ്‌കൂള്‍ അദ്ധ്യാപകരും കോളേജ് വിദ്യാര്‍ത്ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനം ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്ത്. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍ അധികവും. ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകള്‍ക്ക് ആദ്യ ഡോസും 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top