തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും കൈയേറ്റം ചെയ്യുകയും പരാതി.
എകെജി സെന്ററിലെ ജീവനക്കാരനും പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറുമായ പി.കെ. അനൂപാണ് തനിക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായെന്ന് കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നല്‍കിയത്. മെയ് 30 ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴായിരുന്നു ഡ്രൈവര്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
പോലീസ് അകമ്പടിയോടെയാണ് പ്രതിപക്ഷ നേതാവിന്റെ വാഹനം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയത്. വാഹനം എത്തിയ ശേഷം പിണറായി വിജയന്‍ കാറില്‍ നിന്നിറങ്ങി സ്റ്റേഷനിലേക്ക് പോയ സമയത്ത്, ഡ്രൈവര്‍ അനൂപ് വാഹനം അവിടെനിന്ന് മാറ്റി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി വളരെ മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 'വണ്ടി എടുത്തുമാറ്റെടാ' എന്ന് ക്രൂരമായ ഭാഷയില്‍ ആക്രോശിച്ചുകൊണ്ട് ഇവര്‍ അനൂപിന് നേരെ തിരിയുകയായിരുന്നു.
തുടര്‍ന്ന് പൊലീസുകാര്‍ തന്നെ കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും കടുത്ത രീതിയില്‍ ഉപദ്രവിക്കുകയും ചെയ്തതായി അനൂപ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള ഒരു പൊതുസ്ഥലത്തു വെച്ച് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമം തനിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്നും ഡ്രൈവര്‍ പറയുന്നു. തന്നെ പരസ്യമായി കൈയേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ഡ്രൈവര്‍ അനൂപ് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

