അഹമ്മദാബാദ്: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ രണ്ടാം കിരീടം. കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനമാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. 42 പന്തുകളില്‍ നിന്ന് 9 ഫോറുകളും 3 സിക്സറുകളും ഉള്‍പ്പെടെ 75 റണ്‍സ് നേടി വിരാട് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 20 ഓവറില്‍ 155 റണ്‍സില്‍ ഒതുക്കിയ ആർ.സി.ബിക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് വെങ്കിടേഷ് അയ്യരും വിരാട് കോലിയുമായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച വെങ്കിടേഷ് അയ്യർ 16 പന്തില്‍ 32 റണ്‍സ് (4 ഫോറും 2 സിക്സും) നേടി പുറത്തായെങ്കിലും കോഹ്‌ലി തൻ്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. 203.85 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റില്‍ 7 ഫോറുകളും 2 സിക്സറുകളും പറത്തിയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.
മധ്യനിരയില്‍ ദേവ്ദത്ത് പടിക്കല്‍ (1), ക്യാപ്റ്റൻ രജത് പടീദാർ (15), ക്രുനാല്‍ പാണ്ഡ്യ (1) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും കോഹ്‌ലി ഒരുഭാഗത്ത് ഉറച്ചുനിന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ വിരാടിനൊപ്പം ചേർന്ന ടിം ഡേവിഡ് 41 റണ്‍സിന്റെ കൂട്ടുകെട്ട് ഉയർത്തി. 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡിനെ അർഷദ് ഖാൻ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ജിതേഷ് ശർമയെ കൂട്ടുപിടിച്ച് കോലി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 14 പന്തില്‍ 11 റണ്‍സുമായി ജിതേഷ് പുറത്താകാതെ നിന്നു ഗുജറാത്തിന് വേണ്ടി പന്തെറിഞ്ഞ റാഷിദ് ഖാൻ രണ്ട് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആർ.സി.ബി. ബൗളർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നില്‍ ഗുജറാത്തിന്റെ ബാറ്റിങ് നിര അമ്പേ പതറുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ വൻ തകർച്ചയെ അഭിമുഖീകരിച്ച ഗുജറാത്തിനെ, അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണർമാരെ നഷ്ടമായത് ഗുജറാത്തിന് കടുത്ത തിരിച്ചടിയായി മാറി. ക്യാപ്റ്റൻ ശുഭ്‌മൻ ഗില്‍ 10 റണ്‍സുമായും സായ് സുദർശൻ 12 റണ്‍സുമായും നിരാശയോടെയാണ് ക്രീസ് വിട്ടത്. മൂന്നാമനായി എത്തിയ നിഷാന്ത് സിന്ധുവും (20), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും (19) ചേർന്ന് അല്പം ചെറുത്തുനില്‍ക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്കോറിലേക്ക് നീങ്ങാൻ ബംഗളൂരു ബൗളർമാർ അനുവദിച്ചില്ല.
തുടർന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടണ്‍ സുന്ദറും അർഷാദ് ഖാനും ചേർന്നാണ് ടീം സ്കോർ നൂറിലേക്ക് എത്തിച്ചത്. അർഷാദ് ഖാൻ വെറും 6 പന്തുകളില്‍ നിന്നും 2 സിക്സറുകള്‍ ഉള്‍പ്പെടെ 15 റണ്‍സ് നേടി പുറത്തായി. ഒരു ഭാഗത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിയുമ്പോഴും 37 പന്തുകളില്‍ നിന്നും 5 ഫോറുകളടക്കം 50 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്ത് നിരയിലെ ടോപ്പ് സ്കോറർ. എന്നാല്‍ രാഹുല്‍ തേവാട്ടിയ (7), ജേസണ്‍ ഹോള്‍ഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്ക് ആർ.സി.ബി. ബൗളിങ് നിരയ്ക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. 3 റണ്‍സോടെ കാഗിസോ റബാഡ സുന്ദറിനൊപ്പം പുറത്താകാതെ നിന്നു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റൻ രജത് പടീദാറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ആർ.സി.ബി. ബൗളർമാർ കാഴ്ചവെച്ചത്. 4 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ റസിഖ് സലാം ദാറാണ് ഗുജറാത്ത് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അനുഭവസമ്പന്നരായ ഭുവനേശ്വർ കുമാറും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി റസിഖിന് മികച്ച പിന്തുണ നല്‍കി. ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

