കോട്ടയം: കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ അമ്മയും മകനും സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരണപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
പുലർച്ചെ ഏഴുമണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവില്‍ റെജീനയുടെ മൃതദേഹവും പുറത്തെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയില്‍ വെല്ലുവിളിച്ചിരുന്നു.
ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ വീട് ഏകദേശം 10 മുതല്‍ 12 മീറ്റർ വരെ ദൂരത്തേക്കാണ് ഒലിച്ചുപോയത്. വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറുമൊരു മണ്‍കൂന മാത്രമാണുള്ളത്. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം പൂർണ്ണമായും നാമാവശേഷമായി മാറി. ദുരന്തസമയത്ത് വീട്ടില്‍ റെജീനയും മകൻ ജോസഫിനും മാത്രമാണ് ഉണ്ടായിരുന്നത്. റെജീനയുടെ ഭർത്താവ് ജോണി സമീപത്തെ വയോധികന്റെ വീട്ടില്‍ കൂട്ടു കിടക്കാൻ പോയതുകൊണ്ടാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മറ്റൊരു മകൻ ജോലിക്കായി എറണാകുളത്തായിരുന്നു. ദുരന്തവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും നിലവിളി കണ്ടുനിന്നവരിലും വലിയ നൊമ്പരമായി മാറി. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചില്‍ നടത്തിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോയത്.

