Dailyhunt
വീട്ടില്‍ നിരന്തര തര്‍ക്കം, ഭാര്യ പിണങ്ങിപ്പോയി; രാത്രി പിസ്റ്റളുമായെത്തിയത് കുഞ്ഞിനെ കാണാൻ; അനുനയിപ്പിക്കാൻ ശ്രമിച്ച ഭാര്യാസഹോദരിമാരെ വെടിവെച്ചു കൊന്നു; ഇരട്ട കൊലപാതകത്തിന് പിന്നാലെ സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്

വീട്ടില്‍ നിരന്തര തര്‍ക്കം, ഭാര്യ പിണങ്ങിപ്പോയി; രാത്രി പിസ്റ്റളുമായെത്തിയത് കുഞ്ഞിനെ കാണാൻ; അനുനയിപ്പിക്കാൻ ശ്രമിച്ച ഭാര്യാസഹോദരിമാരെ വെടിവെച്ചു കൊന്നു; ഇരട്ട കൊലപാതകത്തിന് പിന്നാലെ സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്

റായ്പൂർ: ഭാര്യയുടെ സഹോദരിമാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകങ്ങള്‍.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ മോവ പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ ജിതേന്ദ്ര വർമ്മ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളുടെ ഭാര്യാസഹോദരിമാരായ ഗീതാഞ്ജലി വർമ്മ (26), ദുർഗേശ്വരി വർമ്മ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൗണ്‍സറായി ജോലി ചെയ്യുന്ന ജിതേന്ദ്ര വർമ്മയും ഭാര്യ ഖിലേശ്വരി വർമ്മയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വീണ്ടും തർക്കമുണ്ടായതോടെ ഖിലേശ്വരി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ ജിതേന്ദ്ര, രാത്രി ഒൻപതരയോടെ ലൈസൻസുള്ള പിസ്റ്റളുമായി ഭാര്യാവീട്ടിലെത്തി കുഞ്ഞിനെ കാണണമെന്ന് നിർബന്ധം പിടിച്ചു. ഈ സമയം പുറത്തെത്തിയ ഭാര്യാസഹോദരിമാർ ജിതേന്ദ്രയെ അനുനയിപ്പിച്ച്‌ മടക്കി അയക്കാൻ ശ്രമിച്ചു. ഇവരുടെ ഇടപെടലില്‍ പ്രകോപിതനായ പ്രതി ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നെറ്റിയില്‍ വെടിയേറ്റ ഗീതാഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു.

മുതുകില്‍ ഗുരുതരമായി പരിക്കേറ്റ ദുർഗേശ്വരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാന്ദ്രി പൊലീസ് സ്റ്റേഷനിലെത്തി ജിതേന്ദ്ര കീഴടങ്ങി. പ്രതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും ഡിസിപി മായങ്ക് ഗുർജർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali