Thursday, 23 Sep, 11.12 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
വേണു ബാലകൃഷ്ണന്റെ കാര്യമാണ് പറയുന്നത്; താന്‍ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല; ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല; നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കുമെന്നാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭീഷണി; ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിത്തെറിച്ച്‌ അവതാരകന്‍; ശ്രീകണ്ഠനെതിരെ പരാതി നല്‍കാന്‍ വിനു വി ജോണ്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ചാനല്‍ ചര്‍ച്ച നടത്തിയതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനും ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഭീഷണിയെത്തിയ ചര്‍ച്ചകള്‍ പുതു തലത്തിലേക്ക്. ഇതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പൊലീസിന് പരാതി നല്‍കിയേക്കും. മുമ്ബും വിനുവിന് പല ഭീഷണികള്‍ കിട്ടിയിരുന്നു. അതിന് കളിയാക്കല്‍ സ്വഭാവമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും കിട്ടിയ മെസേജ് മുമ്ബ് ചര്‍ച്ചയ്ക്കിടെ വിനു വായിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇന്ന് സമാനതകളില്ലാത്ത രംഗങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ഉണ്ടായത്. ദേശാഭിമാനിയിലെ ശ്രീകണ്ഠനാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നു പറയുകയും ചെയ്തു. ഇന്നു രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന്‍ വിനുവിനെതിരെയും ഏഷ്യാനെറ്റിനെതിരെയും ഭീഷണി മുഴക്കിയതെന്ന് ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ ചര്‍ച്ചയിലെ ഭീഷണി എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളില്‍ നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

'നിയമസഭയിലെ തെമ്മാടികള്‍' എന്നപേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ എല്‍ഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചര്‍ച്ച ചെയ്തിരുന്നത്. ചര്‍ച്ചയുടെ പാനലില്‍ എം.ആര്‍ അഭിലാഷ്, ജോസഫ് സി. മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് പങ്കെടുത്തത്. ഇതിനിടെയാണ് ദേശാഭിമാനിയില്‍ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയത്. ഇക്കാര്യം ഉടന്‍ തന്നെ വിനു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. 'മന്ത്രി വി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്. ഇതു പോലെ ചാനലില്‍ നെഗളിച്ചവരുടെ വിധി ഓര്‍ക്കുക.' എന്നാണ് ഭീഷണി മുഴക്കിയത്. എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചര്‍ച്ചയില്‍ വ്യക്തമാക്കി.

വേണു ബാലകൃഷ്ണന്റെ കാര്യമാണ് പറയുന്നത്. താന്‍ പോലെ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിക്കുന്നത്. ഇതില്‍ താന്‍ പൊലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം. അയാള്‍ ചെറിയ ആളല്ല. വലിയ ആളാണ്. ആ പദവിയില്‍ അയാള്‍ തുടരുന്നത് എനിക്ക് ഭീഷണിയാണ്-വിനു ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു.

താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴില്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോണ്‍ ആവശ്യപ്പെട്ടു. കേസ് കൊടുക്കുമെന്ന് ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസും പരാതിയുമായി പോകുമെന്നാണ് സൂചന. പൊലീസ് മേധാവിക്ക് പരാതി കൈമാറും. എനിക്ക് പിണറായിയുടെ പൊലീസ് അന്വേഷിക്കുമോ എന്ന് അറിയില്ലെന്നും വിനു വി ജോണ്‍ വിശദീകരിച്ചിരുന്നു. ആ സ്‌ക്രീന്‍ ഷോട്ട് ഞാന്‍ സേവ് ചെയ്തിട്ടുണ്ടെന്നും വിനു വി ജോണ്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൈംടൈം ചര്‍ച്ചയ്ക്കിടെ നാടകീയ രംഗങ്ങളാണ് ഇതുണ്ടാക്കിയത്. രക്ഷപ്പെടാന്‍ കള്ളം പറയുന്ന മന്ത്രി എങ്കിലും രാജിവയ്ക്കേണ്ടേ..... ദൃശ്യങ്ങള്‍ കെട്ടി ചമച്ചതോ? ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്ന് നടന്ന ചര്‍ച്ച. ഇതിനിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെയായിരുന്നു ഇത്. ഇത് വിനു വായിക്കുന്നത് ചര്‍ച്ചയ്ക്കിടെ കാണുകയും ചെയ്യാമായിരുന്നു. ജോസഫ് സി മാത്യു സംസാരിക്കുന്നതിനിടെ ആ മന്ത്രിക്ക് നാണമില്ലേ എന്ന് വിനു വി ജോണ്‍ ചോദിച്ചു. ദൃശ്യം കണ്ട് സഹിക്കാതെയാണ് ഇടപെടല്‍ എന്നും വിനു വി ജോണ്‍ പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിക്കെതിരെയായിരുന്നു വിനു വി ജോണിന്റെ ആക്രമണം. ആ മന്ത്രിക്ക് നാണമില്ലേ എന്നും വിനു ചോദിച്ചു.

ഇയാള്‍ക്ക് ലജ്ജയില്ലേ... ജനം വോട്ട് ചെയ്യുന്ന ആള്‍ക്കെതിരെയാണ് ഇതെല്ലാം പറയുന്നത് ഇങ്ങനെ പോകുന്ന സന്ദേശമാണ് അയച്ചത്. ഇതു പോലെ നിഗളിച്ചവരുടെ വിധി ഓര്‍ത്തോ... എന്നായിരുന്നു വിനു വി ജോണ്‍ തനിക്ക് വന്നതായി വെളിപ്പെടുത്തിയത്. അതും ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പഴയ പ്രസിഡന്റ്. ഞാന്‍ തെളിവു തരാം. എന്നെ ഭീഷണിപ്പെടുത്തിയതിന്. ദേശാഭിമാനി നടപടി എടുക്കുമോ ഇതായിരുന്നു വിനു വി ജോണ്‍ ഉയര്‍ത്തിയ ചോദ്യം. അഴിമതി കാണിക്കാതെ ശമ്ബളം മാത്രം കൊണ്ടു ജീവിക്കുന്ന രണ്ട് പെണ്‍മക്കളുടെ അച്ഛന്‍. ഇങ്ങനെ വിനു വി ജോണ്‍ വികാരാധീനനായി. ഇതോടെ ചര്‍ച്ചയ്ക്ക് ബ്രേക്ക് കൊടുത്തു ഏഷ്യാനെറ്റ് ന്യൂസ്.

വിനു ഈ ശ്രീകണ്ഠന് ഇതെല്ലാം ഏഷ്യനെറ്റില്‍ ന്യൂസവറില്‍ കാണുബോള്‍ എവിടെഒക്കയോ ചൊറിയുന്നുണ്ട്. ഇതാണ് CPM ഗുണ്ടായിസം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ട ഉത്തരവാദിത്ത പെട്ടവര്‍ ഇത്തരം പോക്രിതരങ്ങള്‍ കാണിക്കുബോള്‍ ജനങ്ങള്‍ അറിയും-ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചയ്ക്ക് വന്ന പ്രതികരണം. മാതൃഭൂമിയിലെ സ്റ്റാര്‍ അവതാരകനായിരുന്ന വേണു ബാലകൃഷ്ണനെതിരെ ചില ആരോപണം ഉയര്‍ന്നു. അദ്ദേഹം ജോലി രാജിവയ്ക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചാണ് വിനുവിന് ദേശാഭിമാനിക്കാരന്‍ സന്ദേശം അയച്ചതെന്നാണ് സൂചന. കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ സമാനതകളില്ലാത്ത ചര്‍ച്ചയുമായി.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top