Thursday, 23 Sep, 10.22 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
വേണുവിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതാണ്; സ്ത്രീവിരുദ്ധതയോട് ഒരിക്കലും സന്ധി ചെയ്യില്ലെന്ന് വിശദീകരിച്ച്‌ എംവി ശ്രേയംസ് കുമാര്‍; ഇരയുടെ പരാതി ഇല്ലാതെ ചാനല്‍ സ്വമേധയാ നടപടി എടുത്തുവെന്നും എംഡിയുടെ വിശദീകരണം; വേണു ബാലകൃഷ്ണന്റെ രാജി ചോദിച്ചു വാങ്ങിച്ചതെന്ന് പറയാതെ പറഞ്ഞ് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍

ബംഗളൂരു: മാതൃഭൂമി ന്യൂസ് അവതാരകനും ഡെപ്യൂട്ടി എഡിറ്ററുമായ വേണു ബാലകൃഷ്ണന്റെ രാജിയില്‍ ആദ്യം പ്രതികരണവുമായി ചാനല്‍ മാനേജ്മെന്റ്. സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തത്. മാധ്യമപ്രവര്‍ത്തക ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. മാനേജ്‌മെന്റ് സ്വമേധയാ നടപടി എടുക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്.

വേണുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതാണ്. സ്ത്രീ വിരുദ്ധതയോട് ഒരിക്കലും മാതൃഭൂമി സന്ധി ചെയ്യില്ലെന്ന് ശ്രേയംസ് കുമാര്‍ പറയുന്നു. അതായത് വേണുവിനെ പുറത്താക്കുകയായിരുന്നുവെന്ന് അവകാശപ്പെടുകയാണ് മാതൃഭൂമി. മാതൃഭൂമി ചാനലിന്റെ പൂര്‍ണ്ണ ചുമതല ശ്രേയംസിനാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഉണ്ടായാന്‍ ആ സ്ഥാപനം പൊലീസില്‍ പരാതിപ്പെടണമെന്ന നിയമം പാലിക്കാതെ മാതൃഭൂമി പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാതൃഭൂമി ചാനലില്‍ നേരത്തെയും സമാനമായ വിഷയം ഉണ്ടാവുകയും ഒരു അവതാരകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിനാണ് വേണു ബാലകൃഷ്ണനെ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വേണു രാജിവെച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ശ്രേയംസിന്റെ വെളിപ്പെടുത്തലോടെ വേണുവില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന വിലയിരുത്തലാണ് ഉയരുന്നത്.

ഒരു കുറ്റകൃത്യം നടന്നുവെന്ന് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയങ്കിലും പരാതി പൊലീസിന് നല്‍കാതെ പൂഴ്‌ത്തുകയാണ് ചെയ്തത് എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ശ്രേയംസിന്റെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിങ് എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയിലെ ചര്‍ച്ചകളുടെ പ്രധാന മുഖമായിരുന്നു വേണു.

സഹപ്രവര്‍ത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു് രാജി. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരന്‍ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. രാജീവ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്ക്കേണ്ടി വന്നത്. ഇത് മാനേജ്‌മെന്റ് തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു.

രണ്ടാഴ്ചത്തേയ്ക്കായിരുനിനു സസ്‌പെന്‍ഷന്‍ എങ്കലും, പ്രൈം ഡിബേറ്റുകളില്‍ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. പലതലത്തില്‍ ചര്‍ച്ച ചെയ്താണ് വേണുവിനെ സസ്‌പെന്റ് ചെയതത്. മാതൃഭൂമി ചാനലിലെ ജീവനക്കാര്‍ക്കിടയിലെ ചര്‍ച്ചകളിലെ വസ്തുത ആ മാധ്യമ പ്രവര്‍ത്തക വാക്കാല്‍ സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റി നിര്‍ത്തിയത്. ഇര പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ കാര്യം സമ്മതിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോള്‍ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. നേരത്തെ മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ജേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.

വേണു ബാലകൃഷ്ണന് പണി കിട്ടുമ്ബോള്‍ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്ബ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തില്‍ ചര്‍ച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവര്‍ക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാന്‍സിന്റെ പ്രതികരണങ്ങള്‍. ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുന്നത് മാതൃഭൂമിയെ അലോസരപ്പെടുത്തിയിരുന്നു. സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിര്‍വരമ്ബുകള്‍ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ചത്. ഇത് ശരിവയ്ക്കുകയാണ് ശ്രേയംസ് കുമാറും.

കുറച്ചു കാലം മാതൃഭൂമിയുടെ ചര്‍ച്ചകളില്‍ നിന്ന് വേണുവിനെ മാറ്റി നിര്‍ത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാര്‍ക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ പ്രതികരണങ്ങളില്‍ നിന്ന് മാറി നിന്നു. അന്ന് വേണുവിന്റെ ജേഷ്ഠന്‍ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനല്‍ ചുമതലയില്‍ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. ഇതിനിടെയാണ് പുതിയ പ്രശ്‌നം. ഒന്നിലധികം അനാവശ്യ സന്ദേശങ്ങള്‍ കിട്ടിയതാണ് മാധ്യമ പ്രവര്‍ത്തകയെ ചൊടിപ്പിച്ചത്. ഇത് ചാനലില്‍ പാട്ടായി. ഉടനെ മാനേജ്‌മെന്റ് അന്വേഷണവും നടത്തി. ഇതിലാണ് വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top