തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ, എല്‍.ഡി.എഫ്.
നിയമസഭാ കക്ഷിയിലെ മറ്റൊരു പാര്‍ട്ടിയായ ആര്‍.ജെ.ഡി. പരസ്യ നിലപാടുമായി രംഗത്തെത്തിയത് ഇടതുമുന്നണിയെ പുതിയ പ്രതിസന്ധിയിലാക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആര്‍.ജെ.ഡി.യുമായി ആലോചിക്കണമെന്ന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജിന്റെ ആവശ്യം കേവലമൊരു പദവി മോഹമല്ല. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ചുള്ള തന്ത്രപരമായ രാഷ്ട്രീയ കരുനീക്കമാണിത്.
നിയമസഭയിലെ നിലവിലെ അംഗബലവും വോട്ടിങ് സമവാക്യങ്ങളും പരിശോധിച്ചാല്‍ ആര്‍.ജെ.ഡി.യുടെ ഈ നീക്കം സി.പി.എമ്മിനും സി.പി.ഐക്കും വലിയ തലവേദനയാകും. നിലവില്‍ എല്‍.ഡി.എഫ്. നിയമസഭാ കക്ഷിയില്‍ 35 അംഗങ്ങളാണുള്ളത്. എന്നാല്‍, കേരളത്തില്‍നിന്ന് ഒരു രാജ്യസഭാ അംഗത്തിന് വിജയിക്കാന്‍ കുറഞ്ഞത് 36 വോട്ടുകള്‍ ആവശ്യമുണ്ട്. ബി.ജെ.പി.ക്ക് മൂന്ന് അംഗങ്ങളുള്ളതിനാല്‍ തന്ത്രപരമായി ആ വോട്ടുകള്‍ കൂടി ചേര്‍ത്ത് 35 സീറ്റുകള്‍ ഉപയോഗിച്ച് ഇടതുപക്ഷത്തിന് ഒരു പ്രതിനിധിയെ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, നിയമസഭയില്‍ ഒരൊറ്റ എം.എല്‍.എ. മാത്രമുള്ള ആര്‍.ജെ.ഡി. പിണങ്ങി മാറിയാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം പാളും. ഈ വോട്ടിന്റെ മൂല്യം കൃത്യമായി മനസ്സിലാക്കിയാണ് ആര്‍.ജെ.ഡി. കരുക്കള്‍ നീക്കുന്നത്.
2027-ല്‍ കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവുവരുന്നത്. ഇതില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ ചെറിയ സാധ്യതയുള്ള ഒരു സീറ്റുണ്ട്. ഈ സീറ്റ് ലക്ഷ്യം വെച്ചാണ് ആര്‍.ജെ.ഡി. ഇപ്പോഴേ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. ഇതിനായി സി.പി.ഐയുടെ അമിത താത്പര്യങ്ങളെ ജനമധ്യത്തില്‍ തുറന്നുകാട്ടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. മുന്നണിയിലെ ജനാധിപത്യ സ്വഭാവം തകര്‍ത്തത് രാജ്യസഭാ സീറ്റുകളുടെ കാര്യത്തില്‍ സി.പി.ഐ. സ്വീകരിച്ച കടുംപിടുത്തമാണെന്ന് വര്‍ഗീസ് ജോര്‍ജ് പരസ്യമായി കുറ്റപ്പെടുത്തുന്നു. കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ അംഗബലം അനുസരിച്ച് 36 വോട്ടുണ്ടെങ്കില്‍ ഉറപ്പായും ഒരു രാജ്യസഭാ അംഗം ജയിച്ചു കയറും. ഇത്രയും വോട്ട് ഇടതു പക്ഷത്തിനില്ല. ഇതിനിടെയാണ് ആര്‍ജെഡിയുടെ പുതിയ നീക്കം.
ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷയിക്കുകയാണെന്നും പാര്‍ലമെന്റില്‍ സാന്നിധ്യം വേണമെന്നും പറഞ്ഞ് 2022-ല്‍ ആര്‍.ജെ.ഡി.യുടെ ശ്രേയാംസ് കുമാര്‍ ഒഴിഞ്ഞ സീറ്റ് സി.പി.ഐ. കൈക്കലാക്കിയിരുന്നു. പിന്നീട് 2024-ല്‍ ഒഴിവ് വന്നപ്പോഴും 'ആരാണോ ഒഴിഞ്ഞത് അവര്‍ക്ക് തന്നെ' എന്ന വാദമുയര്‍ത്തി സി.പി.ഐ. വീണ്ടും സീറ്റ് സ്വന്തമാക്കി. സി.പി.ഐയുടെ ഈ ഇരട്ടത്താപ്പ് കാരണം മുന്നണിയിലെ മറ്റ് ചെറുകക്ഷികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് ആര്‍.ജെ.ഡി.യുടെ ആക്ഷേപം. ജയിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ തങ്ങള്‍ക്കും രാജ്യസഭാ സീറ്റ് വേണമെന്ന് പറയുകയാണ് ആര്‍ജെഡി. ഇടതുമുന്നണിയില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐയ്ക്കും പുറമേ ആര്‍ ജെ ഡിയ്ക്ക് മാത്രമാണ് ഒരു എംഎല്‍എയെ ജയിപ്പിക്കാനായത്.
മുന്‍കാലങ്ങളില്‍ ഇടതുമുന്നണിയില്‍ ജനതാദളും ആര്‍.എസ്.പിയും അടക്കമുള്ള ചെറുകക്ഷികള്‍ക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ രാജ്യസഭാ സീറ്റുകള്‍ ലഭിച്ചിരുന്ന ചരിത്രം വര്‍ഗീസ് ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നു. ജനതാദളിലെ അരങ്ങില്‍ ശ്രീധരന്‍, കേരള കോണ്‍ഗ്രസിലെ വക്കച്ചന്‍ മറ്റത്തില്‍, ആര്‍.എസ്.പിയിലെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് സീറ്റ് ലഭിച്ചത് മുന്നണിയിലെ വലിയ കക്ഷികള്‍ കാണിച്ച മാന്യത കൊണ്ടാണ്. എന്നാല്‍ സി.പി.ഐയുടെ ഇപ്പോഴത്തെ സ്വാര്‍ത്ഥമായ സമീപനം കാരണം നിലവില്‍ എല്‍.ഡി.എഫിലെ എട്ട് കക്ഷികള്‍ക്കാണ് നിയമസഭയിലോ പാര്‍ലമെന്റിലോ പ്രാതിനിധ്യമില്ലാതെ പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സി.പി.എമ്മിന്റെ ഒഴിവ് വന്ന സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്, സി.പി.ഐയുടെ നിലപാടുകളെയാണ് ആര്‍.ജെ.ഡി. പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷവും മുന്നണിയിലെ പ്രധാന കക്ഷികള്‍ പാഠം പഠിച്ചിട്ടില്ലെന്ന കടുത്ത വിമര്‍ശനവും ആര്‍.ജെ.ഡി. ഉന്നയിക്കുന്നുണ്ട്. സുപ്രധാനമായ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പോലും എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ കഴിയാത്തത് വലിയ നിരാശയുണ്ടാക്കുന്നതാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഉപനേതാവ് പദവിയെച്ചൊല്ലി വലിയ കക്ഷികള്‍ തല്ലുകൂടുന്നത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും വര്‍ഗീസ് ജോര്‍ജ് മുന്നറിയിപ്പ് നല്‍കുന്നു.
വരും ദിവസങ്ങളില്‍ രാജ്യസഭാ സീറ്റ് വിഭജനം മുന്നണിയില്‍ ചര്‍ച്ചയാകുമ്പോള്‍ ആര്‍.ജെ.ഡി. ഉയര്‍ത്തുന്ന ഈ 'സിംഗിള്‍ വോട്ട്' ഭീഷണി സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കും. ചെറുകക്ഷികളെ പൂര്‍ണ്ണമായി പിണക്കിക്കൊണ്ട് മുന്നോട്ട് പോകുക എളുപ്പമല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാല്‍, വരാനിരിക്കുന്ന ദിവസങ്ങളില്‍ സി.പി.ഐയും ആര്‍.ജെ.ഡി.യും തമ്മിലുള്ള ഈ പോര് ഇടതുമുന്നണിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

