കോഴിക്കോട്: ഏഴ് വയസ്സിന്റെ പ്രായപരിമിതികളെല്ലാം കാറ്റില്‍പ്പറത്തി അത്ഭുതപ്രതിഭ കൊണ്ട് ശ്രദ്ധേയനാവുകയാണ് കോഴിക്കോട് സ്വദേശിയായ ഐബക് ബിൻ ഷാഹുല്‍.
കണക്കിലെ സങ്കീർണ്ണമായ ഗുണനപ്പട്ടികകള്‍ മുതല്‍ ലോകരാജ്യങ്ങളുടെ വിവരങ്ങള്‍ വരെ വളരെ എളുപ്പത്തില്‍ മനപ്പാഠമാക്കിയാണ് ഈ മിടുക്കൻ എല്ലാവരെയും അതിശയിപ്പിക്കുന്നത്. അപാരമായ ഓർമ്മശക്തിയും കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവുമാണ് ഐബക്കിനെ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഗണിതത്തിലെ വേഗതയാണ് ഈ കൊച്ചുമിടുക്കന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒന്നു മുതല്‍ പത്തു വരെയുള്ള ഗുണനപ്പട്ടികകള്‍ വെറും 45 സെക്കൻഡ് കൊണ്ടാണ് ഐബക് കൃത്യമായി പറഞ്ഞു തീർക്കുന്നത്. ഇതിനുപുറമേ ലോകത്തിലെ 195 രാജ്യങ്ങളുടെ പേരുകള്‍ പറയുന്നതിനും അവയുടെ പതാകകള്‍ തിരിച്ചറിയുന്നതിനുമായി ഈ മിടുക്കന് വെറും രണ്ടര മിനിറ്റ് മാത്രം മതിയാകും.
പൊതുവിജ്ഞാനത്തിലും ഐബക് ഏറെ മുന്നിലാണ്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ വിരല്‍ത്തുമ്പില്‍ സൂക്ഷിക്കുന്ന ഐബക്കിന് കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും കുറിച്ച് ചോദിച്ചാലും നിമിഷനേരം കൊണ്ട് കൃത്യമായ ഉത്തരം നല്‍കാൻ കഴിയും. കേള്‍ക്കുന്ന കാര്യങ്ങള്‍ കൃത്യമായി ഓർത്തെടുക്കാനുള്ള ഈ കൊച്ചുമിടുക്കന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്.
ഐബക്കിന് മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ ചില രാജ്യങ്ങളുടെ പതാകകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത് കണ്ടാണ് മാതാപിതാക്കള്‍ അവന്റെ പ്രത്യേക കഴിവ് തിരിച്ചറിയുന്നത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരുതവണ കേട്ടാല്‍ തന്നെ അത് മനസ്സില്‍ സൂക്ഷിക്കാൻ അവൻ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ടെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഷാഹുല്‍ - ശബീബ ദമ്പതികളുടെ മൂത്ത മകനാണ് ഈ കൊച്ചുമിടുക്കൻ.
ഭാവിയില്‍ ഒരു ശാസ്ത്രജ്ഞൻ ആകണമെന്നാണ് ഏറെ ജിജ്ഞാസയുള്ള ഈ രണ്ടാം ക്ലാസ്സുകാരന്റെ വലിയ ആഗ്രഹം. നിലവില്‍ മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളിലെ വിദ്യാർത്ഥിയാണ് ഐബക് ബിൻ ഷാഹുല്‍. വലിയ സ്വപ്നങ്ങളും അതിശയിപ്പിക്കുന്ന ഓർമ്മശക്തിയുമായി മുന്നേറുന്ന ഈ കുഞ്ഞുപ്രതിഭയ്ക്ക് അധ്യാപകരും നാട്ടുകാരും വലിയ പിന്തുണയാണ് നല്‍കുന്നത്.

