Dailyhunt
വിവാദ അനൗണ്‍സ്‌മെന്റ്; പാര്‍ട്ടിക്കോ എനിക്കോ പങ്കില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടി.പി. രാമകൃഷ്ണന്‍

വിവാദ അനൗണ്‍സ്‌മെന്റ്; പാര്‍ട്ടിക്കോ എനിക്കോ പങ്കില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: പേരാമ്ബ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയര്‍ന്ന വിവാദ അനൗണ്‍സ്‌മെന്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി.

രാമകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. സംഭവത്തില്‍ പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ യാതൊരു പങ്കുമില്ലെന്നും പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗണ്‍സ്‌മെന്റും തന്റെ ഭാഗത്തുനിന്നോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.

'നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്' എന്ന പേരിലുള്ള അനൗണ്‍സ്‌മെന്റാണ് പേരാമ്ബ്രയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച്‌ യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തെക്കുറിച്ച്‌ എല്‍ഡിഎഫിന് അറിവില്ലെന്നും സ്ഥാനാര്‍ത്ഥിയെ മനഃപൂര്‍വ്വം കുടുക്കാനുള്ള ശ്രമമാണിതെന്നും സിപിഎം നേരത്തെ വിശദീകരിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ മതം പറഞ്ഞു വോട്ട് പിടിക്കുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫിനില്ലെന്നും അത്തരമൊരു പ്രചാരണം നടന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, വര്‍ഗ്ഗീയ വിഭജനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് ബോധപൂര്‍വ്വം സൃഷ്ടിച്ച വിവാദമാണിതെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. മതം പറഞ്ഞ് തങ്ങള്‍ വോട്ട് ചോദിച്ചിട്ടില്ലെന്നും എതിര്‍പക്ഷത്തിന്റെ പ്രചാരണ വേലകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും യുഡിഎഫ് പ്രതികരിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പേരാമ്ബ്രയിലെ ഈ 'ഖൗം' വിവാദം മുന്നണികള്‍ക്കിടയില്‍ വലിയ വാക്‌പോരിനാണ് കാരണമായിരിക്കുന്നത്. കമ്മീഷന്റെ തുടര്‍നടപടികള്‍ എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali