Monday, 10 Aug, 8.56 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
വിവാഹ മോചന കേസിലെ സ്ത്രീകളെ വശത്താക്കാന്‍ കുടുംബകോടതിയില്‍ അഭിഭാഷക സംഘം; നിയമോപദേശം നല്‍കിയും കേസ് നടത്തിയും കള്ളക്കടത്ത് കാരിയര്‍മാരാക്കും; താന്‍ കടത്തുകാരിയായത് സമ്മര്‍ദ്ദങ്ങള്‍ക്കും ശാരീരിക പീഡനത്തിനും ഇരയായെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്; എന്‍ഐഎ അന്വേഷിക്കുന്ന ബ്യൂട്ടിഷ്യന്‍ മാഡം കൗണ്‍സിലറുടെ സഹോദരിയോ? കോണ്‍സുല്‍ ജനറല്‍ ഉദ്ഘാടനം ചെയ്ത മാര്‍ബിള്‍ കടയും സംശയത്തില്‍; സ്വര്‍ണ്ണ കടത്തില്‍ ദുരൂഹതകള്‍ മാറുന്നില്ല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇടനിലക്കാരി ആയതാണെന്ന് സ്വപ്ന സുരേഷ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതിനായി ഭീഷണി മാത്രമല്ല ശാരീരിക പീഡനവും ഏല്‍ക്കേണ്ട വന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സമ്മതിച്ചുവെന്ന് ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ത്രീകളെ വശത്താക്കാന്‍ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച്‌ അഭിഭാഷകരടക്കം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹമോചന കേസിനെത്തുന്നവരാണ് പ്രധാന ടാര്‍ജെറ്റ്. നിയമോപദേശം നല്‍കിയും കേസ് നടത്തിപ്പ് ഏറ്റെടുത്തും സഹായം നല്‍കും. ബന്ധം ഉപയോഗിച്ച്‌ ഇവരെ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും കള്ളക്കടത്തു പോലുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് സ്വപ്ന മൊഴി നല്‍കിയതാണ് റിപ്പോര്‍ട്ട്.

ഇങ്ങനെ കൂടെ കൂട്ടുന്നവര്‍ക്ക് വിദേശത്ത് ജോലി നല്‍കുയോ നാട്ടില്‍ തുണിക്കട, ബ്യൂട്ടി പാര്‍ലര്‍ എന്നിവ ഇട്ടു കൊടുക്കുകയോ ചെയ്യും. ഇത്തരത്തില്‍ ഇടനിലക്കാരായ പത്തോളം സ്ത്രീകളെക്കുറിച്ചും സ്വപ്ന സൂചന നല്‍കി. തിരുവനന്തപുരത്തും കഴക്കൂട്ടത്തും തുണക്കട നടത്തിയ യുവതി, കൗണ്‍സിലറുടെ സഹോദരിയായ ബ്യൂട്ടീഷ്യന്‍ എന്നിവര്‍ ഇതില്‍പെടുമെന്നാണ് വാര്‍ത്ത. നേരത്തെ ബ്യൂട്ടീഷനാണ് കേസിലെ മറ്റൊരു മാഡമെന്ന് മംഗളവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് ജന്മഭൂമിയും മാഡത്തെ കുറിച്ച്‌ പറയുന്നത്.

കേസുകളില്‍ പ്രതികളായി എത്തിയ ചില യുവതികളെ ജാമ്യത്തിലിറക്കുകയും കേസില്‍ നിന്ന രക്ഷ പെടുത്തുകയും ചെയ്ത ശേഷം ഒപ്പം കൂട്ടുകയും ചെയ്യും. ശൃംഖലയിലെ 'മാഡ'ങ്ങളായി വിവിധ കാര്യങ്ങള്‍ക്കാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വര്‍ഷം മുമ്ബ് നടന്ന കള്ളക്കടത്തിലെ പ്രതി സെറീന ഷാജിയേയും ഇടനിലക്കാരിയാക്കിയത് കോടതി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യ സൂത്രധാരന്‍ അഭിഭാഷകനായ ബിജു മനോഹരന്‍ ആയിരുന്നു. ബിജു ഭാര്യ വിനീതയേയും ഇടനിലക്കാരി ആക്കി. ഭീഷണിപെടുത്തിയാണ് തന്നെ ഒപ്പം കൂട്ടിയതെന്ന് അഭിഭാഷക കൂടിയായ വിനീത മൊഴി നല്‍കിയിരുന്നുവെന്നും ജന്മഭൂമി പറയുന്നു. യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്‌സല്‍ എന്ന നിലയില്‍ തിരുവനന്തപുരം വിമാനത്താവളം വഴി ആയിരക്കണക്കിന് പെട്ടികള്‍ എത്തിയിരുന്നു. ഒറ്റ ദിവസം തന്നെ 200 -300 പാഴ്‌സലുകളാണ് എത്തിയത്. ഇത്രയധികം പെട്ടികള്‍ വന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാതിരുന്നത് എന്താണെന്നാണ് പ്രധാന ചോദ്യം. മന്ത്രി കെ ടി ജലീല്‍ പറഞ്ഞിട്ട് ഖുറാന്‍ എന്നു പറഞ്ഞ് സി- ആപ്റ്റിലേക്ക് യു എ ഇ കോണ്‍സലേറ്റില്‍ നിന്നു 32 പെട്ടികള്‍ കൊടുത്തവിട്ട ദിവസം മാത്രം 210 പെട്ടികള്‍ എത്തിയിരുന്നു.

ഇതിലെല്ലാം എന്തായിരുന്നു എന്നത് ദൂരൂഹമാണ്. കോണ്‍സലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ രീതിയിലുള്ള കള്ളക്കടത്ത് നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ഗ്രാനൈറ്റ് സ്ഥാപനം, പുളിമൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കട, പനവിളയിലെ സലാം ആര്‍ക്കൈഡ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരിദാര്‍ കട, കഴക്കൂട്ടത്തെ തുണിക്കട എന്നിവിടങ്ങളിലേയ്ക്ക് നയതന്ത്ര പാഴ്‌സല്‍ എന്ന നിലയില്‍ വന്ന പെട്ടികളില്‍ ചിലത് പോയിരുന്നു എന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തമിഴ് നാട്ടിലുള്ളവര്‍ക്കും പങ്കാളിത്തമുണ്ടായിരുന്നു. ഇതില്‍ ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കോണ്‍സില്‍ ജനറലാണ്. സ്വപ്ന വഴിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥാപന ഉടമ കള്ളക്കടത്തിലെ പ്രധാന കണ്ണിയാണ്.

കോണ്‍സലേറ്റിനെ മറയാക്കി കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് പിഡിപി നേതാവാണ്. കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഇയാളാണ്. മുന്‍ പ്രവാസിയായ ഇയാള്‍ തിരുവനന്തപരത്ത് നടത്തുന്ന ഫേബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പു നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ''മാഡം'' കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ് ഇവര്‍ ഒളിവില്‍ പോയതാണറിവ് .

നഗര ഹൃദയത്തിലെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീക്ക് സ്വര്‍ണക്കടത്തിലെ വമ്ബന്മാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്യൂട്ടീഷ്യനായ മാഡം കൗണ്‍സിലറുടെ സഹോദരിയാണെന്ന സൂചന ജന്മഭൂമിയും നല്‍കുന്നത്.

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്‍ക്കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ട്. ഭരണ രംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവര്‍ഷം മുന്‍പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്ബത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി ഇവര്‍ പുതിയ വീടിന്റെ നിര്‍മ്മാണം നടത്തുന്നു.

ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ രംഗത്തു മുന്‍ പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു അന്വഷണ സംഘം സംശയിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top