തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തലകീഴ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ യാത്രക്കാരായ അഞ്ച് പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പുളിക്കീഴ് പാലത്തില്‍ ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.
മാവേലിക്കരയിലെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ പാമ്പാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരുമല ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ തുടക്ക ഭാഗത്തെ കൈവരിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മറ്റ് വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ കാറില്‍ ഉണ്ടായിരുന്നവരെ പുറത്ത് എത്തിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഒരു മണിക്കൂര്‍ നേരം ഗതാഗതം കുരുങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

