Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാഹ വാര്‍ഷികത്തിന് ബന്ധുക്കള്‍ വാങ്ങി നല്‍കിയ കേക്കില്‍ പൂപ്പലെന്ന് പരാതി; ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ചു

വിവാഹ വാര്‍ഷികത്തിന് ബന്ധുക്കള്‍ വാങ്ങി നല്‍കിയ കേക്കില്‍ പൂപ്പലെന്ന് പരാതി; ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ചു

കാസര്‍കോട്: വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ കേക്കില്‍ പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍.

കനകപ്പള്ളി സ്വദേശി സലീമിന്റെയും കുടുംബത്തിന്റെയും ആഘോഷങ്ങള്‍ക്കാണ് ബേക്കറി അധികൃതരുടെ അശ്രദ്ധ കാരണം മങ്ങലേറ്റത്.

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സലീമിന്റെ വിവാഹ വാര്‍ഷികത്തിന് ആശംസകളുമായി എത്തിയ ബന്ധുക്കള്‍ സമ്മാനമായി നല്‍കിയ കേക്ക് മുറിച്ച്‌ എല്ലാവരും കഴിക്കുകയായിരുന്നു. എന്നാല്‍ കേക്ക് കഴിച്ചയുടന്‍ അപരിചിതമായ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചപ്പോഴാണ് കേക്കില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നത് കണ്ടത്. അപ്പോഴേക്കും കുട്ടികള്‍ അടക്കമുള്ളവര്‍ കേക്ക് കഴിച്ചിരുന്നു. തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ട ആറുപേരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ സലീം നല്കിയ പരാതിയില്‍ വെള്ളരിക്കുണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പരപ്പയിലെ 'സ്വീറ്റി ബേക്കറി'ക്കെതിരെ ആരോഗ്യ വിഭാഗം അടിയന്തര നടപടി സ്വീകരിച്ചു. ബേക്കറി സ്ഥിതി ചെയ്യുന്ന കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും പഴകിയ മറ്റ് ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. ഇതോടെ കടുത്ത ആരോഗ്യ സുരക്ഷാ ലംഘനം നടത്തിയ ബേക്കറിക്ക് നോട്ടീസ് നല്‍കി പൂട്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali