Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപം; സര്‍ക്കാറിനോട് ഓഹരി വില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി തേടിയത് സെബിയുടെ അനുമതി കിട്ടിയെന്ന് കാണിച്ച്‌; അദാനിയുടെ അപേക്ഷ ചീഫ് സെക്രട്ടറി ചെയര്‍മാനും ധനനിയമ സെക്രട്ടറിമാരും അടങ്ങിയ മേല്‍നോട്ട സമിതി പരിശോധിക്കും; സര്‍ക്കാര്‍ അനുമതി നല്‍കുക സമിതി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി

വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപം; സര്‍ക്കാറിനോട് ഓഹരി വില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി തേടിയത് സെബിയുടെ അനുമതി കിട്ടിയെന്ന് കാണിച്ച്‌; അദാനിയുടെ അപേക്ഷ ചീഫ് സെക്രട്ടറി ചെയര്‍മാനും ധനനിയമ സെക്രട്ടറിമാരും അടങ്ങിയ മേല്‍നോട്ട സമിതി പരിശോധിക്കും; സര്‍ക്കാര്‍ അനുമതി നല്‍കുക സമിതി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് വിടും.

പ്രതിപക്ഷം വിവാദമാക്കി വിഷയം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി രൂപീകരിച്ച അദാനി വിഴിഞ്ഞം പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി കപ്പല്‍ കമ്പനിയായ എംഎസ്സിക്ക് നല്‍കാനാണ് അദാനി അനുമതി തേടിയത്.

സെബിയുടെ അനുമതി കിട്ടിയെന്ന് കാണിച്ചാണ് സര്‍ക്കാരിനോട് അനുമതി തേടിയത്. ചീഫ് സെക്രട്ടറി ചെയര്‍മാനും ധനനിയമ സെക്രട്ടറിമാരും വിസില്‍ എംഡിയും ഉള്‍പ്പടെന്നു മേല്‍നോട്ട സമിതിയുമാണ് അപേക്ഷ പരിശോധിക്കുക. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും സര്‍ക്കാര്‍ അനുമതി. ഒരാഴ്ചക്കകം അനുമതി തേടാനാണ് ലക്ഷ്യമിട്ടതെങ്കിലും വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി തന്നെ അനുമതി തേടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും വിസില്‍ എംഡിക്കും അനുമതി തേടിക്കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ട്.

നിയമപരമായ ഓഹരി കൈമാറാന്‍ അനുമതി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ ആഗോള കപ്പല്‍ ഗതാഗത കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും അദാനി പോര്‍ട്‌സും തമ്മില്‍ 49 ശതമാനം ഓഹരികള്‍ കൈമാറുന്നതിനുള്ള നിയമപരമായ അനുമതിയാണ് തേടിയിരിക്കുന്നത്. നേരത്തെ, അദാനി പോര്‍ട്‌സും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും തമ്മില്‍ ഓഹരികള്‍ കൈമാറുന്നതില്‍ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതോടെ ഇത്തരം നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പും ഷിപ്പിങ് കോര്‍പ്പറേഷനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തുറമുഖ നിര്‍മാണക്കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഓഹരി ഘടനയില്‍ നിര്‍ണായക മാറ്റം വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ളതാണെന്നും കരാര്‍ പ്രകാരം 2080-ല്‍ തുറമുഖത്തിന്റെ പൂര്‍ണാവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടതാണെന്നും സഭയില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.

എന്നാല്‍, നിലവിലെ ധാരണാപത്രപ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നല്‍കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി ഔദ്യോഗികമായി അനുമതി തേടിയ സാഹചര്യത്തില്‍ ഇതില്‍ തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന.

2015 ഓഗസ്റ്റില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കണ്‍സഷന്‍ കരാര്‍ പ്രകാരവും, പിന്നീട് ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ പ്രകാരവും വാണിജ്യ പ്രവര്‍ത്തനം തുടങ്ങി നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഓഹരി പങ്കാളിത്തത്തില്‍ മാറ്റം വരുത്താന്‍ സ്വകാര്യ പങ്കാളിക്ക് അവകാശമുണ്ട്. 2024 നവംബറില്‍ ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ അനുസരിച്ച്‌ കാലതാമസങ്ങള്‍ സര്‍ക്കാര്‍ മാപ്പാക്കുകയും കണ്‍സഷന്‍ കാലാവധി 2060 വരെ ദീര്‍ഘിപ്പിച്ചു നല്‍കുകയും ചെയ്തിരുന്നു. നിലവിലെ ഓഹരി ഘടനയില്‍ നിര്‍ണ്ണായക മാറ്റം വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണെന്ന വ്യവസ്ഥ പാലിച്ചാണ് അദാനി ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് തന്നെയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ നിയമപരമായ തടസ്സങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. മുന്‍പ് വിഴിഞ്ഞം പദ്ധതിയെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍, ഈ അപേക്ഷയിന്മേല്‍ വളരെ സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali