Monday, 30 Mar, 7.05 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
വുഹാനില്‍ ഉള്ള ഏഴ് ശ്മശാനങ്ങളില്‍ നിന്നും ഓരോ ദിവസവും നല്‍കിയത് ചിതാഭസ്മം അടങ്ങിയ 500 കുടങ്ങള്‍ വീതം; ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം! ചൈനയില്‍ മരിച്ചത് 3200 പേര്‍ എന്നത് പച്ചക്കള്ളം; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിരിക്കുമെന്ന് ചൈനാക്കാര്‍; ചൈനയില്‍ നിന്നും പുറത്ത് വന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിഞ്ഞ് ലോകം

സിയോള്‍: ചൈനയിലെ ഇരുമ്ബ് മറയ്ക്കുള്ളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരിക്കലും നൂറുശതമാനം സത്യമാകില്ലെന്ന് പണ്ട് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. തങ്ങള്‍ക്ക് ദോഷം വരുമെന്ന് തോന്നുന്ന വാര്‍ത്തകള്‍ ചൈനയ്ക്ക് വെളിയില്‍ പോകാതെ സൂക്ഷിക്കാന്‍ അവിടത്തെ ഭരണകൂടത്തിനറിയാം. അതിനായി ഏതറ്റം വരെയും പോകാനും അവര്‍ തയ്യാറാണ്.

കൊറോണാ ബാധയെക്കുറിച്ചുള്ള യഥാര്‍ത്ഥ വാര്‍ത്തകള്‍ യഥാസമയം പുറംലോകം അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ന് ലോകം ഇങ്ങനെ മുള്ളില്‍ നില്‍ക്കില്ലായിരുന്നു. ഇതാ ചൈനയുടെ മറ്റൊരു കള്ളം കൂടി പൊളിയുകയാണ്. ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീര്‍ത്തും പച്ചക്കള്ളമാണെന്നാണ് ചൈനാക്കാര്‍ തന്നെ പറയുന്നത്. വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണ് ഉള്ളത്. ഇവ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നല്‍കിയിട്ടുള്ളത് എന്നാണ് വുഹാന്‍ നിവാസികള്‍ പറയുന്നത്. അതായത്, ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം. ഹാന്‍കോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രില്‍ 5 ന് മുന്‍പ് ലഭ്യമാക്കാം എന്നാണ്. അന്നാണ് പൂര്‍വ്വികരുടെ സ്മരണയുണര്‍ത്തുന്ന ക്വിങ് മിങ് ഉത്സവം.

ഇതര്‍ത്ഥമാക്കുന്നത് ഏപ്രില്‍ 5 വരെയുള്ള പന്ത്രണ്ട് ദിവസങ്ങളില്‍ 42,000 ചിതാഭസ്മങ്ങള്‍ അവരവരുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നതാണ് എന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഹാന്‍കോവ് മേഖലയില്‍ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങള്‍ നല്‍കിയിരുന്നു എന്നാണ്. പ്രവിശ്യയില്‍ ലോക്ക്ഡൗണിന് അല്പം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.

അധികാരികള്‍ ഒരുപക്ഷെ ജനങ്ങളെ പരിഭ്രാന്തരാക്കേണ്ട എന്നതിനാലാകും യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാത്തത് എന്ന് മാവോ എന്ന സ്ഥാനപ്പേരുള്ള ഒരു പ്രാദേശികവാസി പറയുന്നു. സാവധാനം യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുമായിരിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഹ്യൂബി മേഖലയില്‍ നിരവധിപേര്‍ ചികിത്സ ലഭിക്കാതെ വീടുകളില്‍ തന്നെ മരിച്ചിട്ടുണ്ടെന്നും ഇതൊന്നും ഔദ്യോഗിക കണക്കുകളില്‍ വന്നിട്ടില്ലെന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരം. 42,000 എന്നത് ഊതിപെരുപ്പിച്ച കണക്കല്ലെന്നും ഒരു മാസം ഏകദേശം 28,000 ശവസംസ്‌കാരങ്ങള്‍ നടന്നിട്ടുണ്ടെന്നുമാണ് അധികാരത്തോട് അടുത്തുനില്‍ക്കുന്ന ഈ കേന്ദ്രത്തില്‍ നിന്നുലഭിക്കുന്ന വിവരം.

ഈ വാര്‍ത്ത ശരിയാണെങ്കില്‍ കൊറോണയുടെ പ്രഭാവം നമ്മള്‍ മനസ്സിലാക്കിയതിലും ഭീകരമാണെന്നതിന് സംശയമൊന്നുമില്ല. ഈ മാരകരോഗത്തെ കൂടുതല്‍ ഗൗരവത്തോടെ നേരിടേണ്ടി വരും. എന്നാല്‍ ചൈന യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കും എന്ന് കരുതുന്നവരുമുണ്ട്.

ഇതിനിടയില്‍, കൊറോണാ പരിശോധനക്ക് വിധേയരായി, രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് പ്രവിശ്യയുടെ പുറത്തേക്ക് പോകുവാന്‍ മാര്‍ച്ച്‌ 25 മുതല്‍ തന്നെ അനുവാദം നല്‍കിയിരുന്നു. എങ്കിലും വുഹാനില്‍ ഉള്ളവര്‍ക്കുള്ള യാത്രാനിരോധനം ഏപ്രില്‍ 8 വരെ തുടരും. അതിനിടെ ചില നിയന്ത്രണങ്ങള്‍ മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരുമായി ശനിയാഴ്ച വീണ്ടും ചൈനയിലെ വുഹാനില്‍ തീവണ്ടികളെത്തി. യാത്രവിലക്കിന് ഇളവുലഭിച്ചതോടെയാണ് തീവണ്ടി സര്‍വീസ് പുനരാരംഭിച്ചത്.

യാത്രക്കാരില്‍ ചിലര്‍ രണ്ട് മുഖാവരണംവരെ അണിഞ്ഞിരുന്നു. ഒപ്പം കൈയുറയും വൈറസ് പ്രതിരോധ കുപ്പായവും ധരിച്ചെത്തിയവരെ അതേവേഷത്തിലെത്തിയ റെയില്‍വേ ജീവനക്കാര്‍ സ്വീകരിച്ചു. തീവണ്ടി നഗരത്തോട് അടുക്കുമ്ബോള്‍ താനും മകളും അത്യന്തം ആകാംക്ഷയിലായിരുന്നെന്നാണ് 36-കാരി പറഞ്ഞത്. 10 ആഴ്ചയായി ഭര്‍ത്താവില്‍നിന്നും അകലെയായിരുന്നു. തീവണ്ടി എന്നത്തേക്കാളും വേഗത്തിലാണ് ഓടുന്നതെന്ന് തോന്നിയെന്നും വുഹാനില്‍ ഇറങ്ങി മകള്‍ അച്ഛന്റെ അടുത്തേക്ക് ഓടുന്നതു കണ്ടപ്പോള്‍ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞെന്നും അവര്‍ പറഞ്ഞു.

വൈറസ് നിയന്ത്രണവിധേയമായതോടെയാണ് വുഹാനിലേക്ക് വീണ്ടും ജനങ്ങളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തേതന്നെ പൂര്‍ണമായും ബുക്കുചെയ്ത് കഴിഞ്ഞിരുന്നു. ജനുവരിമുതലാണ് നഗരം പൂര്‍ണമായി അടച്ചിട്ടത്. എന്നാല്‍, വുഹാനിലുള്ളവര്‍ക്ക് പുറത്തേക്കുപോവാന്‍ ഏപ്രില്‍ എട്ടുവരെ അനുവാദമില്ല. അപ്പോഴേ വിമാനത്താവളങ്ങളും തുറക്കൂ. തുടക്കത്തില്‍ വൈറസിനോടു പതറിയ വുഹാന്‍ കഴിഞ്ഞ ആഴ്ചകളിലാണ് സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയത്.

സബ്വേകള്‍ തുറന്നു. അടുത്തയാഴ്ചയോടെ ഷോപ്പിങ് സെന്ററുകളും തുറക്കും. ബാങ്കുകള്‍ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും അനാവശ്യയാത്രവേണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top