കൊച്ചി: ദുല്‍ഖർ സല്‍മാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
'കുട്ടി കുട്ടി പൂവേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പ് യൂട്യൂബില്‍ മാത്രം 7 മില്യണിലധികം കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ഒരിക്കല്‍ കേട്ടാല്‍ മനസില്‍ തങ്ങിനില്‍ക്കുന്നതാണെന്നാണ് സംഗീതപ്രേമികളുടെ വിലയിരുത്തല്‍.
ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനത്തിന് അരുണ്‍ ആലാട്ട് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നിത്യ മാമ്മൻ ആലപിച്ച മലയാളം പതിപ്പ് പ്രേക്ഷകർക്കിടയില്‍ വൻ സ്വീകാര്യത നേടി. പാട്ടിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ചിത്രീകരണത്തിന്റെ മേക്കിങ് വീഡിയോയും ഉള്‍പ്പെടുത്തിയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
ദുല്‍ഖർ സല്‍മാനും പുതുമുഖ താരം സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ് ഗാനം. ചിത്രത്തില്‍ 'കൃഷ്ണ' എന്ന കഥാപാത്രമായാണ് ദുല്‍ഖർ എത്തുന്നത്. വേറിട്ട ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ദുല്‍ഖറിന്റെ സ്റ്റൈലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷകരുടെ മനസ്സ് തൊടുന്ന ഒരു ഫീല്‍ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. പ്രമുഖ നടി ശ്രുതി ഹാസനും ചിത്രത്തില്‍ നിർണായക വേഷത്തില്‍ എത്തുന്നുണ്ട്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലെ മുൻനിര നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. പി.ആർ.ഒ: ശബരി.

