തിരുവനന്തപുരം: മുന്‍ ഗതാഗത കമ്മീഷണറും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്തിനെതിരെ വ്യാജ പരാതികളും അപവാദ പ്രചാരണങ്ങളും നടത്തുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡിബിന്‍ ഇടവനയുടെ കടുത്ത ചട്ടലംഘനങ്ങളും ക്രിമിനല്‍ പശ്ചാത്തലവും പുറത്ത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഇയാള്‍ക്കെതിരെ ഗുരുതരമായ ഒന്നിലധികം കേസുകളാണ് നിലവിലുള്ളത്.
സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ഔദ്യോഗിക യൂണിഫോം ധരിച്ച് സ്വകാര്യ പി.എസ്.സി കോച്ചിങ് സെന്ററിന്റെ പ്രചാരണത്തിന് മോഡലായതാണ് ഡിബിന്‍ ഇടവനയ്ക്കൊപ്പമുള്ള ആദ്യ വന്‍ വിവാദം. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ കോച്ചിങ് സെന്ററുകളും പരിശീലന സ്ഥാപനങ്ങളും നടത്തിയെന്ന ഗുരുതരമായ ആരോപണത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകളുടെ മറവില്‍ മറ്റ് ക്രമക്കേടുകള്‍ നടത്തിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്.
2023-ല്‍ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 34-കാരിയായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് ഡിബിന്‍ ഇടവന സസ്പെന്‍ഷനിലാവുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാട്‌സ്‌ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായും വഴങ്ങണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
എസ്. ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന കാലത്താണ് ഡിബിന്‍ ഇടവനയുടെ ചട്ടലംഘനങ്ങള്‍ക്കും സ്ത്രീപീഡന പരാതിക്കുമെതിരെ ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതും ഇയാളെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയതും. ഈ വിരോധമാണ് പിന്നീട് ശ്രീജിത്തിനെതിരെ വ്യക്തിവൈരാഗ്യമായി മാറിയത്. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ക്കെതിരെ സ്വകാര്യ ചാനല്‍ അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇയാള്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു.
സസ്പെന്‍ഷനിലായതിന് ശേഷവും യാതൊരു അച്ചടക്കവുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തെറിവിളിക്കുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതും ഇയാളുടെ പതിവാണ്. 'ആണെങ്കില്‍ എന്നെ ഒന്ന് തൊട്ടുനോക്ക്', 'മാളത്തിലേക്ക് ഞാന്‍ വരുന്നുണ്ട്' എന്നിങ്ങനെ ഗുണ്ടാ ഭാഷയിലാണ് ഇയാള്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ കുറിപ്പുകള്‍ ഇട്ടിരുന്നത്. ഇതിനെതിരെ ശ്രീജിത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപകീര്‍ത്തി കേസ് നിലവിലുണ്ട്.
നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ എസ്. ശ്രീജിത്തിന് ലഭിക്കേണ്ട അര്‍ഹമായ ഡിജിപി പ്രമോഷന്‍ തടയുക എന്ന ലക്ഷ്യത്തോടെ, സസ്പെന്‍ഷനില്‍ കഴിയുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറും ഡിബിന്‍ ഇടവനയും കൈകോര്‍ക്കുകയായിരുന്നു. അജിത് കുമാറിന്റെ പിന്തുണയോടെ ഡിബിന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി മുന്‍നിര്‍ത്തിയാണ് ശ്രീജിത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
ശ്രീജിത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. കോടതി ശ്രീജിത്തിനെ കുറ്റപ്പെടുത്തിയിട്ടില്ല. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ സിന്‍ഹ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ഡിബിനെയും ശ്രീജിത്തിനെയും ഒരുമിച്ച് നിര്‍ത്തി മൊഴിയെടുക്കാന്‍ തീരുമാനിച്ചതിലെ സാങ്കേതികപരമായ വീഴ്ച മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അവധിയെടുത്ത് വിദേശത്ത് പോകുന്നതിന് കേന്ദ്ര ചട്ടപ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെങ്കിലും, ശ്രീജിത്ത് സര്‍ക്കാരില്‍ നിന്നും ഡിജിപിയില്‍ നിന്നും കൃത്യമായി അനുമതി പത്രം വാങ്ങിയിരുന്നു. ഇതിന്റെ ഔദ്യോഗിക രേഖകളും, ദുബായിലെ ആയുര്‍വേദ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് യൂണിഫോമിലല്ല പങ്കെടുത്തതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സ്ത്രീ പീഡനക്കേസ്, വിജിലന്‍സ് അന്വേഷണം, അച്ചടക്ക നടപടികള്‍ എന്നിവ നേരിടുന്ന ഡിബിന്‍ ഇടവനയ്ക്ക് 2026 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പോസ്റ്റിങ് ഉത്തരവ് നല്‍കിയത് മോട്ടോര്‍ വാഹന വകുപ്പില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഗുരുതരമായ കേസുകളില്‍ വിചാരണയും അന്വേഷണവും നേരിടുന്ന ഉദ്യോഗസ്ഥന് പുതിയ നിയമനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വകുപ്പിലെ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
ശ്രീജിത്ത് പങ്കെടുത്ത ദുബായിലെ ആയുര്‍വേദ കേന്ദ്രത്തെ 'സ്പാ' എന്ന് തെറ്റായി ചിത്രീകരിച്ച് ഡിബിനും സംഘവും പ്രചാരണം നടത്തിയതോടെ അവിടെ ജോലി ചെയ്തിരുന്ന നിര്‍ദ്ധനരായ മലയാളി വനിതാ ജീവനക്കാരുടെ ജീവിതം വഴിയാധാരമായി. ഇവരില്‍ പലരുടെയും വിവാഹങ്ങള്‍ വരെ മുടങ്ങി. ഈ വ്യാജ പ്രചാരണത്തിനെതിരെ ജീവനക്കാരുടെ പരാതിയില്‍ പോലീസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
നിരന്തരം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും മേലുദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന വ്യക്തിപരമായ അജണ്ടകളുള്ള ഒരു താഴ്ന്ന നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്റെ വ്യാജ പരാതികള്‍ മുന്നില്‍ നിര്‍ത്തി, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പ്രമോഷന്‍ തടയാന്‍ ശ്രമിക്കുന്നത് അനീതിയാണ്. ഡിബിന്‍ ഇടവനയുടെ സസ്പെന്‍ഷനും കേസുകളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഇയാള്‍ക്കെതിരെ കര്‍ശനമായ മാതൃകാ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

