ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ തലസ്ഥാന നഗരിയെ വിറപ്പിച്ച ചരിത്രപ്രസിദ്ധമായ പ്രക്ഷോഭത്തിന് ശേഷം, അടുത്ത വന്‍ മാസ്റ്റര്‍ പ്ലാനുമായി 'കോക്രോച്ച് ജനതാ പാര്‍ട്ടി' രംഗത്ത്.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിനായി വന്‍ 'ലിസണിങ് ടൂര്‍' പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി. നീറ്റ് പ്രക്ഷോഭത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തില്‍, തങ്ങളുടെ സംഘടനാ ശേഷി രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കാനും ഭാവി രാഷ്ട്രീയത്തിന് അടിത്തറയിടാനുമാണ് ഇവരുടെ നീക്കം.
പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും റോഡ് മാപ്പിനും അന്തിമരൂപം നല്‍കുന്നതിനായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് ദിവസത്തെ നിര്‍ണ്ണായക തന്ത്രപരമായ യോഗം ചേരുമെന്ന് പാര്‍ട്ടി 'എക്സ്' പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചു. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ, പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍, പ്രധാന നേതാക്കള്‍ എന്നിവര്‍ ഈ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന അഞ്ച് ആഴ്ച നീണ്ട പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അമ്പതോളം സന്നദ്ധപ്രവര്‍ത്തകരുമായും വിവിധ മേഖലകളിലെ പ്രമുഖരുമായും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയതെന്ന് സി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. 'ലിസണിങ് ടൂറി'ന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളെ നേരിട്ട് കാണുകയും അവരുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ചോദിച്ചറിയുകയും ചെയ്യും.
മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പോരാട്ടവീര്യം യുവാക്കളില്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. 'യുവാക്കളുടെ ഐക്യത്തിന് മുന്നില്‍ ഈ അഹങ്കാരിയായ ഭരണകൂടം തോല്‍വി സമ്മതിച്ചത്, ചെറുപ്പക്കാര്‍ ഒന്നിച്ചുനിന്നാല്‍ ഏത് ലക്ഷ്യവും നേടിയെടുക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ്. ഞങ്ങളുടെ യുവാക്കളുടെ പ്രതീക്ഷകളെ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളാക്കി മാറ്റാനുള്ള പാതയൊരുക്കുകയാണ് ടീം ചെയ്യുന്നത്' - സി.ജെ.പി ചീഫ് വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
ലിസണിങ് ടൂറിന്റെ തീയതികളും കൂടുതല്‍ വിവരങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. രാഷ്ട്രീയ-ആശയവിനിമയ തന്ത്രജ്ഞനായ അഭിജിത് ദിപ്‌കെ മേയ് മാസത്തില്‍ രൂപീകരിച്ച യുവജന പ്രസ്ഥാനമാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപന്തലിച്ച ഒരു ജനകീയ കൂട്ടായ്മയാണിത്. തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളെ പരിഹസിച്ചുകൊണ്ട് ഇവര്‍ സ്വയം 'കോക്രോച്ച്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇന്ത്യയിലെ യുവജന രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിക്കുമെന്നുറപ്പാണ്.

