ഭോപാല്‍: രാജ്യത്ത് പഞ്ചസാരവില ഉയരുന്നതിനിടെ, വിലക്കയറ്റത്തെ അനുകൂലിച്ച് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ.
40 വയസ്സ് കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും വിപണിയില്‍ പഞ്ചസാരവില ഇനിയും ഉയരണമെന്നുമാണ് ബി.ജെ.പി. നേതാവിന്റെ പരാമർശം.
40 വയസ്സിനു മുകളിലുള്ളവർ പഞ്ചസാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് മന്ത്രിയുടെ വാദം. ആവശ്യമെങ്കില്‍ വല്ലപ്പോഴും ശർക്കര ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദ ഡോക്ടർമാരും ഇത്തരത്തിലുള്ള നിർദേശമാണ് നല്‍കുന്നതെന്നും വിജയവർഗിയ അവകാശപ്പെട്ടു.
കുട്ടികള്‍ക്ക് മാത്രമായി റേഷൻ കടകള്‍ വഴി കുറഞ്ഞ വിലയില്‍ പഞ്ചസാര വിതരണം ചെയ്യണമെന്നാണ് മന്ത്രിയുടെ നിലപാട്. മുതിർന്നവർക്ക് റേഷൻ വഴി പഞ്ചസാര നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാരയുടെ വിപണി വിലയില്‍ വലിയ വർധനയുണ്ടാകണമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ബി.ജെ.പി. സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഹസിക്കുകയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആരോപിച്ചു. ജനങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ജസ്വിന്ദർ സിങ്ങും വിമർശിച്ചു.
അതേസമയം, ഓഗസ്റ്റ് 26-ലെ സർക്കാർ കണക്കുകള്‍ പ്രകാരം രാജ്യത്ത് പഞ്ചസാരയുടെ വില കിലോഗ്രാമിന് 65.05 രൂപയാണ്.

