തിരുവനന്തപുരം: രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരായി 2016-ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്റെ എല്‍ഡിഎഫ് സർക്കാർ.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അത്യുജ്ജ്വല വിജയം നേടി ഭരണത്തിലേറാൻ ഒരുങ്ങുകയാണ്. ഇതോടെ രാജ്യത്ത് ഇടതുഭരണം നിലവിലുള്ള ഒരു സംസ്ഥാനം പോലുമില്ലാത്ത സാഹചര്യമായിരിക്കുന്നു.
1977-ന് ശേഷം ആദ്യമായി ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നിലവില്‍ ഭരണത്തിലില്ല എന്നാണിതിനർത്ഥം. 1977 മുതല്‍ 2011 വരെ 34 വർഷത്തെ റെക്കോഡ് കാലയളവ് നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് സർക്കാർ പശ്ചിമ ബംഗാളില്‍ ഉണ്ടായിരുന്നു. ഇത് മമത ബാനർജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചു. 1993 മുതല്‍ 2018 വരെ ത്രിപുരയും ഇടതുപക്ഷം ഭരിച്ചിരുന്നു, ഇത് 2018-ല്‍ ബിജെപി തകർത്തു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് സ്ഥിരമായ തകർച്ച നേരിടേണ്ടി വന്നിട്ടുണ്ട്.
ഏറെക്കാലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) അവസാന തട്ടകമായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വൻ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. പത്തുവർഷത്തിനുശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണത്തിന്റെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പുഫലം. കേരളത്തില്‍ പരാജയപ്പെടുന്നതോടെ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഭരണവും ഇടതുപക്ഷത്തിന്റെ കയ്യില്‍ അവശേഷിക്കില്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ കേരളത്തില്‍ യുഡിഎഫ് നിർണായക മുന്നേറ്റം നേടിയിരുന്നു. മറുവശത്ത് സിപിഎമ്മും സഖ്യകക്ഷിയായ സിപിഐയും ദുർബലമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗത തട്ടകങ്ങളില്‍ പലതിലും എല്‍ഡിഎഫിന് കാലിടറി. മന്ത്രിമാർ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫിന്റെ മുതിർന്ന സ്ഥാനാർഥികള്‍ പരാജയപ്പെട്ടു. പ്രതീക്ഷിച്ചതിലേറെയാണ് പരാജയത്തിന്റെ തോത് എന്നതിനാല്‍ ആഘാതത്തില്‍ നിന്നുള്ള തിരിച്ചുവരവിന് സമയം വേണ്ടി വന്നേക്കാം.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വോട്ടെണ്ണല്‍ പുരോഗമിക്കവെതന്നെ 100 സീറ്റ് എന്ന നാഴികക്കല്ല് യുഡിഎഫ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
"നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് തകർപ്പൻ വിജയം നല്‍കിയ കേരള ജനതയ്ക്ക് നന്ദി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഭവിച്ചതിൻ്റെ ആവർത്തനമാണ്. എല്‍ഡിഎഫിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരായ വ്യക്തമായ വിധിയെഴുത്താണിത്," അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ ഭൂരിപക്ഷം മന്ത്രിമാരും വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചടി നേരിട്ട മറ്റ് മന്ത്രിമാരില്‍ വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവരും ഉള്‍പ്പെടുന്നു.
ഭരണവിരുദ്ധ വികാരം സിപിഎം നയിച്ച സർക്കാരിനെതിരെയും കോണ്‍ഗ്രസിന് അനുകൂലമായും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരമ്പരാഗതമായി നിർണ്ണായക ശക്തിയായി പ്രവർത്തിക്കുന്ന പല മേഖലകളിലും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചതും യുഡിഎഫിന് ഗുണം ചെയ്തു.
പ്രകടന പത്രികയില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള ഊന്നല്‍ കോണ്‍ഗ്രസ് പക്ഷത്തിന് ഗുണം ചെയ്തിരിക്കാനും സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി നയിച്ച പ്രചാരണം, സാമ്പത്തിക സഹായവും സാമൂഹിക സുരക്ഷയും സംബന്ധിച്ച വാഗ്ദാനങ്ങളിലൂടെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രത്യേക ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ഉറപ്പുകളില്‍ ഊന്നല്‍ നല്‍കിയിരുന്നു, ഇത് വോട്ടർമാർക്കിടയില്‍ പ്രതിഫലിച്ചിരിക്കാം.

