Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
75ന്റെ നിറവില്‍ മമ്മൂട്ടി; മലയാളത്തിന്റെ മഹാനടന് മീഡിയ മംഗളത്തിന്റെ പിറന്നാള്‍ ആശംസകള്‍.

75ന്റെ നിറവില്‍ മമ്മൂട്ടി; മലയാളത്തിന്റെ മഹാനടന് മീഡിയ മംഗളത്തിന്റെ പിറന്നാള്‍ ആശംസകള്‍.

Media Mangalam 4 days ago

കൊച്ചി: കാലം മാറി, തലമുറകള്‍ മാറി, സിനിമയുടെ രീതികള്‍ മാറി. പക്ഷേ മലയാളിയുടെ മനസ്സിലെ മമ്മൂട്ടി എന്ന താരപ്രഭയ്ക്ക് മാത്രം മാറ്റമില്ല.

അഭിനയത്തിലും താരപരിവേഷത്തിലും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിട്ട മഹാനടന് ഇന്ന് 75-ാം പിറന്നാള്‍.

1951 സെപ്റ്റംബർ ഏഴിന് വൈക്കത്തെ ചെമ്പില്‍ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച പി.ഐ. മുഹമ്മദ് കുട്ടി മലയാള സിനിമയ്ക്ക് ലഭിച്ച അപൂർവ പ്രതിഭകളിലൊരാളായി വളർന്നത് സിനിമയിലൂടെയായിരുന്നു. 1971-ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുഹമ്മദ് കുട്ടി പിന്നീട് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയായി.

നായകസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ രൂപം നല്‍കിയ താരമായിരുന്നു മമ്മൂട്ടി. പൗരുഷവും ഗാംഭീര്യവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയപ്പോഴും, അഭിനയത്തിന്റെ സൂക്ഷ്മതകള്‍ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ ഏറ്റെടുത്ത് നടനെന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തി. വാണിജ്യ സിനിമയ്ക്കൊപ്പം സമാന്തര സിനിമയിലും ഒരുപോലെ തിളങ്ങിയതാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രഡ് ഹാർട്ട് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം. പിന്നീട് മഞ്ചേരിയില്‍ ക്രിമിനല്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് സിനിമയിലേക്കുള്ള യാത്ര കൂടുതല്‍ സജീവമാകുന്നത്.

425-ലേറെ സിനിമകള്‍, നിരവധി പുരസ്‌കാരങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍ — മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ വലുപ്പം കണക്കുകളിലൊതുങ്ങുന്നതല്ല. നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, പ്രത്യേക പരാമർശം എന്നീ വിഭാഗങ്ങളിലായി ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി.

1998-ല്‍ പത്മശ്രീ ലഭിച്ച മമ്മൂട്ടിക്ക് 75-ാം പിറന്നാള്‍ വർഷത്തില്‍ പത്മഭൂഷണ്‍ ലഭിച്ചതും കരിയറിലെ മറ്റൊരു പ്രധാന അംഗീകാരമായി. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകള്‍ ഡി.ലിറ്റ് നല്‍കി ആദരിച്ചു. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

55 വർഷം പിന്നിട്ടിട്ടും വിശ്രമമില്ലാത്ത സിനിമായാത്ര. 2026-ലും മമ്മൂട്ടി സജീവമാണ്. യുവതാരങ്ങള്‍ അണിനിരന്ന ചത്താ പച്ചയില്‍ അതിഥി വേഷത്തിലെത്തിയ അദ്ദേഹം, മോഹൻലാലിനൊപ്പം വർഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ് എന്ന ചിത്രത്തിലൂടെയും ശ്രദ്ധ നേടി.

ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടിയുടെ വ്യത്യസ്ത മുഖങ്ങള്‍ കാണാനാകും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ ഉള്‍പ്പെടെ നിരവധി മലയാള, അന്യഭാഷാ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലോ ആൻഡ് ഓർഡറില്‍ ബ്ലാക്ക് സിനിമയിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നത്.

താരങ്ങള്‍ പലരും വരും, പോകും. പക്ഷേ ചിലർ കാലത്തിന്റെ ഭാഗമാകും. മലയാളിക്ക് മമ്മൂട്ടി അത്തരമൊരു പേരാണ്. 75-ാം വയസ്സിലും പുതുതലമുറയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനടന് മീഡിയ മംഗളത്തിന്റെ പിറന്നാള്‍ ആശംസകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam