ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്.
ആർഎസ്‌എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനില്‍കുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വാർത്തയ്ക്ക് താഴെ ഇയാള്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കമന്റ് ഇടുകയായിരുന്നു. ഈ സംഭവത്തിലാണ് നടപടി.
ക്രിമിനല്‍ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനില്‍കുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാല്‍ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്താകുമെന്നായിരുന്നു കമന്റില്‍ പറഞ്ഞിരുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചു എന്നതിലധികമായി അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരുവിധ പരാമർശങ്ങളും തന്റെ കമന്റില്‍ ഇല്ലെന്നാണ് അനില്‍കുമാറിന്റെ വിശിദീകരണം.
എന്നാല്‍ ഇയാളുടെ കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസടുത്തതാണ് പിന്നാലെ അനില്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

