ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയില്‍ ഓടുന്ന കാറില്‍ പതിനഞ്ചുവയസ്സുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവൻ രക്ഷിച്ചതും പ്രതികളെ കുടുക്കിയതും.
സംശയാസ്പദമായ സാഹചര്യത്തില്‍ റോഡിലൂടെ പോയ കാർ നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. അർധനഗ്നയായ നിലയിലാണ് പെണ്‍കുട്ടിയെ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. ഒന്നിലേറെ പേർ ചേർന്ന് തന്നെ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആഹാരം വാഗ്ദാനം ചെയ്താണ് പ്രതികള്‍ തന്നെയ വശീകരിച്ച് കാറില്‍ കയറ്റിയതെന്നും തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍; പ്രതികള്‍ റിമാൻഡില്‍
അറസ്റ്റിലായ അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ പോക്സോ (POCSO) നിയമപ്രകാരവും, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബിശ്വനാഥ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

