ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി കൂറ്റൻ പെരുമ്പാമ്പ് നിരവധി കോഴികളെ വിഴുങ്ങി. തലവടി പഞ്ചായത്തില്‍ തുണ്ടിയില്‍ ജോർജുകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം.
പുലർച്ചെയോടെ കോഴികളുടെ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കോഴിക്കൂട്ടിനുള്ളില്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതിനോടകം കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും പാമ്പ് വിഴുങ്ങിയിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ പിഷാരത്തിന്റെ ഇടപെടലില്‍ സ്നേക്ക് റെസ്ക്യൂ പ്രവർത്തകനായ ചാർലി വർഗീസ് സ്ഥലത്തെത്തി. തുടർന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

